ചേര്‍ത്തല: പെണ്ണുങ്ങള്‍ അത്ര പോരാ എന്ന് വെറുതെയങ്ങ് തട്ടിമൂളിക്കുന്നവര്‍ ചേര്‍ത്തല ഫയര്‍ സ്റ്റേഷനിലേക്കൊന്നു വന്നോളൂ, അവിടെ കാണാം ഉണ്ണിയാര്‍ച്ചയുടെയും മറ്റും പിന്‍മുറക്കാരിയൊരു വനിതാ ഡ്രൈവറെ. വെറും ഡ്രൈവറല്ല, ഏതു ദുരന്തഭൂമിയിലേക്കും ഫയര്‍ എന്‍ജിനുമായി കുതിക്കാന്‍ ഞാന്‍ എപ്പോഴേ റെഡിയെന്ന മട്ടിലൊരു ഫയര്‍ ഫൈറ്റര്‍ ഡ്രൈവര്‍. പേര് ബി. ജ്യോതി. എസ്എന്‍ പുരം സ്വദേശി.
മൂന്നു വര്‍ഷമായി ജ്യോതി ഫയര്‍ ഫോഴ്‌സിന്റെ ഭാഗമായിട്ട്. ഹോംഗാര്‍ഡായിട്ടാണ് നിയമനം. എന്നാല്‍ ഹോംഗാര്‍ഡിനും ഫയര്‍ എന്‍ജിന്‍ ഉള്‍പ്പെടെയുള്ള വണ്ടികള്‍ ഓടിക്കാമെന്നൊരു പ്രത്യേക ഉത്തരവുണ്ടായിരുന്നതാണ് ഇവര്‍ക്കു തുണയായത്. അങ്ങനെ ജ്യോതി ഫയര്‍ എന്‍ജിന്റെ വരെ ഡ്രൈവറായി മാറി. ഇതിനൊരു പ്രത്യേകതയുണ്ട്. ഇവര്‍ പിടിക്കുന്നതു ചരിത്രത്തിന്റെ വളയം കൂടിയാണ്. ഫയര്‍ ഫോഴ്‌സിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കേരളത്തില്‍ ഡ്രൈവറായി എത്തുന്നത്. പണ്ടേ ഡ്രൈവിങ് പഠിച്ചതാണ്. വണ്ടിയോടിക്കുന്നതില്‍ പല പരിശോധകളും നടത്തിയ ശേഷമാണ് ഇവരെ നിയോഗിച്ചതെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ പി വി പ്രേംനാഥ് പറയുന്നു.
കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലായിരുന്നു ആദ്യം ജ്യോതിക്കു ജോലി. അവിടെ നിന്നു പിരിഞ്ഞ ശേഷമാണ് ഫയര്‍ ഫോഴ്‌സിലെത്തുന്നത്. ഡ്രൈവിങ് പണ്ടേയൊരു ഹരമായതിനാല്‍ ലൈസന്‍ എടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായമായ പതിനെട്ടു കടന്നതും ലൈസന്‍സ് സമ്പാദിച്ചതാണിവര്‍. ആലുവ സൈബര്‍ സെല്‍ എസ്‌ഐ സി കെ രാജേഷാണ് ഭര്‍ത്താവ്.
വളയല്ല, വളയവും ജ്യോതിക്ക് വഴങ്ങും. ഫയര്‍ എന്‍ജിനായാലും ഓകേ.
