ന്യൂഡല്‍ഹി: ഇന്ത്യയുടെ അമ്പത്തിമൂന്നാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി. ഇതു സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമന ഉത്തരവ് പുറത്തിറക്കി. നവംബര്‍ 24ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നിതിന്യായ വകുപ്പ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ച് വിജ്ഞാപനവും പുറത്തിറക്കി. നവംബര്‍ 23നാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സ്ഥാനമൊഴിയുന്നത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേല്‍ക്കുന്നത്. ഗവായ് തന്നെയാണ് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് നിര്‍ദേശിച്ചത്.
2019 മെയ് മാസത്തിലാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതിയില്‍ ജഡ്ജിയായി എത്തുന്നത്. നിലവിലെ ഏറ്റവും സീനിയര്‍ ജ്ഡ്ജിയും ഇദ്ദേഹമാണ്.
1962 ഫെബ്രുവരി പത്തിന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സൂര്യകാന്തിന്റെ ജനനം. ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചു. പതിനാല് വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്ന ശേഷം 2018ല്‍ ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം സുപ്രീം കോടതിയിലുമെത്തി. ഒരു ബഞ്ച് പോലുമില്ലാത്ത ഗ്രാമീണ വിദ്യാലയത്തില്‍ വെറും തറയിലിരുന്ന് പഠിച്ചാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്ക് ജസ്റ്റിസ് സൂര്യകാന്ത് എത്തുന്നത്. ഇപ്പോള്‍ അതിന്റെ പരമോന്നത പദവിയിലും എത്തിയിരിക്കുന്നു.

