തൊടുപുഴ: പരീക്ഷയിലെ കോപ്പിയടിയും ലൈംഗിക പീഢനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. അങ്ങനെയൊരു ഇല്ലാബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ക്ക് കോടതിയിലെ പരീക്ഷയിലും കനത്ത തോല്‍വി. മൂന്നാര്‍ ഗവണ്മെന്റ് കോളജിലെ വിദ്യാര്‍ഥിനികളാണ് ആദ്യം പരീക്ഷയിലും പിന്നീട് കോടതിയിലും തോറ്റു തൊപ്പിയിട്ടിരിക്കുന്നത്. കോപ്പിയടി പിടിക്കാന്‍ പോയ മാഷിന് പതിനൊന്നു വര്‍ഷത്തെ മാനസിക പീഢനവും കേസും പുതിയ സിലബസിലെ പാഠം പോലെയായി.
മൂന്നാര്‍ ഗവണ്മെന്റ് കോളജില്‍ രണ്ടാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് പരീക്ഷയിലാണ് കെട്ടുകഥ പോലെയുള്ള സംഭവങ്ങളുടെ തുടക്കം.2014 ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ നാലു വരെയായിരുന്നു പരീക്ഷകള്‍. അഞ്ചു വിദ്യാര്‍ഥിനികള്‍ വളരെ സമര്‍ഥമായി കോപ്പിയടിക്കുന്നു. സൂപ്പര്വിഷന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥന് കൈയോടെ പൊക്കുന്നു. ഇക്കാര്യം മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് ഇന്‍വിജിലേറ്ററെ തൊണ്ടി സഹിതം ചുമതലപ്പെടുത്തുന്നു. ഇന്‍വിജിലേറ്ററും കുട്ടികളുമെല്ലാം ഇപ്പോഴത്തെ ഭരണപാര്ട്ടിയിലുള്ളവര്. സംഭവം മൊത്തം ഇന്‍വിജിലേറ്റര്‍ നൈസായി മുക്കുന്നു.
വിദ്യാര്‍ഥിനികളും വെറുതേയിരുന്നില്ല. ‘പത്തൊമ്പതാമത്തെ അടവ്’ പ്രയോഗിക്കുന്നു. ഇതേ കാര്യം തന്നെ പറഞ്ഞ് വിദ്യാഭ്യാസമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്കുന്നു. ഉടന്‍ പോലീസ് ഉണരുന്നു, ഒരു കുട്ടിക്ക് ഒരു കേസ് എന്ന നിലയില്‍ പരാതി നല്കാന് തയാറായ നാലു കുട്ടികളുടെയും പേരില്‍ ഓരോരോ കേസ് അധ്യാപകനു നേരേ. കോടതി ഇതില്‍ രണ്ടു കേസ് തള്ളുന്നു, മറ്റു രണ്ടു കേസുകളില്‍ മൂന്നു വര്‍ഷം തടവിന് പ്രഫ. ആനന്ദിനെ ശിക്ഷിക്കുകയും ചെയ്യുന്നു. ഈ ശിക്ഷ ചോദ്യം ചെയ്ത് മാഷ് അപ്പീല്‍ കോടതിയിലെത്തുന്നു. കേസ് വിശദമായി പരിശോധിച്ച് വാദം കേട്ട കോടതി ആ കേസുകളില്‍ കൂടി അധ്യാപകനെ ശനിയാഴ്ച കുറ്റവിമുക്തനാക്കുന്നു. വെറുതെ കുറ്റവിമുക്തനാക്കുക മാത്രമല്ല കോടതി ചെയ്തത്. പരാതിക്കാരികളെയും കേസെടുത്ത് അവരുമായി ഒത്തുകളിച്ച പോലീസിനെയും കണക്കിനു ശകാരിക്കുകയും ചെയ്തു. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫാണ് നിര്‍ണായകമായ ഈ വിധി പുറപ്പെടുവിച്ചത്.
കോപ്പിയടിച്ചാല്‍ മിടുക്ക്, പിടിച്ചാല്‍ പീഢന കേസ്, അവസാനം രക്ഷയ്ക്ക് കോടതി
