വിവാദമായ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള (ജെഎസ്‌കെ) എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ പേരുമാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന പേരിനു പകരം ഇനിഷ്യല്‍ കൂടി ചേര്‍ത്ത് ജാനകി വി. എന്ന് കേന്ദ്ര കഥാപാത്രത്തിന്റെ പേരു മാറ്റാനുള്ള സന്നദ്ധതയാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്.
ഇന്നു രാവിലെ കോടതി കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ രണ്ടു മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ മതിയാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ജസ്റ്റിസ് എന്‍. നഗരേഷ് ചലച്ചിത്രത്തിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
അതേ തുടര്‍ന്നാണ് ഇന്നുച്ചകഴിഞ്ഞ് കോടതി സമ്മേളിച്ചപ്പോള്‍ പേരു മാറ്റുന്നതിനുള്ള സമ്മതം നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. നേരത്തെ സിനിമയില്‍ 96 ഇടങ്ങളില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ചിരുന്ന സെന്‍സര്‍ ബോര്‍ഡാണ് ഇപ്പോള്‍ നിലപാടില്‍ അയവു വരുത്തിയിരിക്കുന്നത്. എന്നാല്‍ സിനിമയുടെ പേരില്‍ മാറ്റം വേണമെന്ന നിലപാടില്‍ നിന്ന് ബോര്‍ഡ് പിന്‍മാറിയില്ല. ചിത്രത്തിലെ നായികാ കഥാപാത്രമായ ജാനകി വിദ്യാധരന്റെ പേരിലെ രണ്ടാം ഭാഗത്തിന്റെ ചുരുക്കെഴുത്തായ വി എന്നത് ഉള്‍പ്പെടുത്തി വി. ജാനകി എന്നോ ജാനകി വി എന്നോ പേരു മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. ഇതില്‍ രണ്ടാമത്തെ പേരാണ് നിര്‍മാതാക്കള്‍ സ്വീകരിച്ചത്.
അതുപോലെ കോടതിയിലെ കേസ് നടപടികള്‍ക്കിടെ ജാനകി എന്ന പേരു പറയുന്ന ഭാഗത്ത് പേരു കേള്‍ക്കാനാവാത്ത വിധം മ്യൂട്ട് ചെയ്യണമെന്നും ബോര്‍ഡ് കോടതിയില്‍ ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് രണ്ടാമത്തെ മാറ്റം.
ജെഎസ്‌കെ; ജാനകിക്ക് ഇനിഷ്യല്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ്
