അമ്മാന്: പടയോട്ടങ്ങളില്‍ തകര്‍ന്നടിയുകയും ഒരു നൂറ്റാണ്ടിലേറെക്കാലം കൊണ്ട് മറവിയില്‍ മുങ്ങിപ്പോകുകയും ചെയ്ത പൈതൃകങ്ങളിലൊന്നായ ഹിജാസ് റെയില്‍വേ വീണ്ടും തീവണ്ടികളുടെ ചൂളം വിളിയിലേക്ക് പാളങ്ങള്‍ വിരിച്ചെത്തുന്നതിന് സാധ്യത തെളിയുന്നു. അറബ് വസന്തത്തിന്റെ പോയ കാലം ഇതിലൂടെ മഹത്തായ തിരിച്ചുവരവ് അറിയിക്കുന്നു. സിറിയ, ജോര്‍ദാന്‍ വഴി സൗദി അറേബ്യയിലെ മദീന വരെയുണ്ടായിരുന്ന അതിദീര്‍ഘമായ റെയില്‍വേ നെറ്റ്വവര്ക്കിനാണ് മൂന്നു രാജ്യങ്ങളുടെ സഹകരണത്തിലൂടെ വീണ്ടും നല്ലകാലം തെളിയുന്നത്. ഈ റെയില്‍പാതയുടെ പുനരുദ്ധാരണത്തിന് തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ കൂട്ടായി തീരുമാനമെടുത്തിരിക്കുന്നു. കഴിഞ്ഞ മാസം ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന ത്രിരാഷ്ട്ര കൂടിയാലോചന ഇതിനുള്ള കര്‍മപദ്ധതി തയാറാക്കുകയും കരടിന് അംഗീകാരം നല്‍കുകയും ചെയ്തു. സമ്പൂര്‍ണ കരാര്‍ ഈ മാസം ഒപ്പുവയ്ക്കുന്നതായിരിക്കും.
യഥാര്‍ഥ ഹിജാസ് റെയില്‍വേ സൗദിയിലെ പുണ്യനഗരമായ മദീന വരെയാണുണ്ടായിരുന്നതെങ്കിലും പുതുക്കപ്പണിയുമ്പോള് ആദ്യഘട്ടം സൗദിയോടെ ചേര്‍ന്നു കിടക്കുന്ന ജോര്‍ദാന്‍ നഗരമായ മുദവറ വരെയേ ഉണ്ടാകൂ. സൗദി അറേബ്യയും കൂടി പദ്ധതിയുടെ ഭാഗമായാല്‍ വീണ്ടും മദീന വരെയും ഈ റെയില്‍ പാതയെത്തും. ജോര്‍ദാനോടു ചേര്‍ന്നു വരുന്ന സൗദിയുടെ അവസാന നഗരമായ ഖുറയാത്ത് വരെ സൗദിയുടെ റെയില്പ്പാതയുമുള്ളതാണ്. മുദവറ മുതല്‍ ഖുറയാത്ത് വരെ പാത യോജിപ്പിക്കാനായാല്‍ പൈതൃക പാത അതേ രീതിയില്‍ തന്നെയായിരിക്കും നിലവില്‍ വരിക.
ഓട്ടോമാന്‍ സാമ്രാജ്യത്തിലെ സുല്‍ത്താനായിരുന്ന അബ്ദുള്‍ ഹമീദ് രണ്ടാമന്റെ കാലത്ത് 1908ലാണ് ഹിജാസ് റെയില്‍വെ പ്രവര്‍ത്തനം തുടങ്ങുന്നത്. പുണ്യ നഗരങ്ങളിലേക്കുള്ള തീര്‍ഥാടനവും ചരക്കു നീക്കത്തിന്റെ സൗകര്യവുമായിരുന്നു അക്കാലത്ത് റെയില്‍പ്പാത കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
അറബ് വസന്തത്തിന്റെ ചൂളംവിളി, ഹിജാസ് റെയില്‍വേ വീണ്ടും നിര്‍മിക്കാന്‍ തീരുമാനം

