അരങ്ങേറ്റങ്ങള്‍ തുടരുന്നു, വന്നുവന്ന് ഭരതനാട്യവും ചൈന അടിച്ചു മാറ്റുമോ

ബെയ്ജിങ്: എന്തു സാധനവും ചൈനീസാണോ വിലയും കുറയും ഗുണവും കുറയും എന്നു പറയാന്‍ വരട്ടെ, ചുരുങ്ങിയ പക്ഷം ഇന്ത്യയില്‍ നിന്നു പഠിച്ച് സ്വന്തം നാട്ടില്‍ തരംഗമാക്കാന്‍ ചൈന ഉദ്ദേശിക്കുന്ന ഭരതനാട്യത്തിന്റെ കാര്യത്തിലെങ്കിലും. സംഗതി സത്യമാണ്. ഇന്ത്യന്‍ ഭരതനാട്യം ചൈനീസ് വന്‍മതില്‍ കടന്നിരിക്കുന്നു. നമ്മുടെ നൃത്തരൂപം ചൈനയില്‍ പ്രചരിപ്പിക്കുന്ന ലേഡി ഗുരുക്കന്‍മാരൊക്കെ പഠിച്ചത് ഇന്ത്യന്‍ മണ്ണില്‍ നിന്നു തന്നെ. ചൈനയില്‍ അവരുടെ ശിഷ്യസമ്പത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്. പൂര്‍ണമായും ചൈനയില്‍ ഭരതനാട്യം അഭ്യസിച്ച രണ്ടാമത്തെ വിദ്യാര്‍ഥിയുടെ അരങ്ങേറ്റം കഴിഞ്ഞ ദിവസം ബെയ്ജിങ്ങിലായിരുന്നു. പതിനേഴുകാരിയായ ജാങ് ജായ്‌വാന്‍ ആണ് കലാകാരി. ഗുരുവാകട്ടെ ചെന്നൈ കലാകേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ചൈനക്കാരി തന്നെയായ ജിന്‍ ഷാന്‍ ഷാന്‍. കഴിഞ്ഞ വര്‍ഷം ബൈയ്ജിങ്ങില്‍ മറ്റൊരു ചൈനീസ് വിദ്യാര്‍ഥി ലൂ മൂസി ഭരതനാട്യത്തില്‍ അരങ്ങേറ്റം നടത്തിയിരുന്നു. ഇന്ത്യയിലെ ഭരതനാട്യം ഗുരു ലീല സാംസണ്‍ പോലും ആ ചടങ്ങിനു സാക്ഷിയായി ഉണ്ടായിരുന്നു. 1950കളില്‍ ജാങ് ജുന്‍ എന്ന നര്‍ത്തകിയാണ് ഇന്ത്യന്‍ നാട്യരൂപങ്ങള്‍ക്ക് ചൈനയില്‍ പ്രചാരം നല്‍കിയത്. അവരുടെ ശിഷ്യയായ ജിന്‍ ഷാന്‍ ഷാന്‍ പിന്നീട് ലീല സാംസന്റെ ശിഷ്യത്വം കൂടി സ്വീകരിക്കുകയായിരുന്നു.