വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളെ സംശയമുനയില്‍ നിർത്തിയതിന്റെ പേരില്‍ കരിങ്കാലിയായി വിലയിരുത്തപ്പെട്ട പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവി തെറിച്ചു. യുഎസ് പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ മേധാവി ലഫ്. ജനറല്‍ ജെഫ്രി ക്രൂസിനാണ് കസേര നഷ്ടമായത്. ഇദ്ദേഹത്തെ സൈന്യത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു.
കഴിഞ്ഞ ജൂണില്‍ ഇറാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ആണവശേഷി തീര്‍ത്തും നശിപ്പിച്ചു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനു വിരുദ്ധമായി രഹസ്യന്വേഷണ റിപ്പോര്‍ട്ടുകളാണ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി തയാറാക്കിയത്. ഈ റിപ്പോര്‍ട്ട് ചില മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയത് ട്രംപിന്റെ വാദങ്ങള്‍ക്കു തിരിച്ചടിയായി പൊതുമണ്ഡലത്തില്‍ പ്രചരിച്ചിരുന്നു. അന്നു മുതല്‍ ജെഫ്രി ക്രൂസ് അധികൃതരുടെ കണ്ണിലെ കരടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥാനനഷ്ടവും തൊഴില്‍ നഷ്ടവുമെന്നു കണക്കാക്കപ്പെടുന്നു. രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ അന്നേ ട്രംപ് നിരാകരിച്ചിരുന്നതാണ്.
ട്രംപിനെതിരേ റിപ്പോര്‍ട്ട്, കസേര പോയത് സൈനിക രഹസ്യാന്വേഷണ മേധാവിക്ക്
