സിഡ്‌നി: കുടിയേറ്റക്കാരായ ഇന്ത്യക്കാര്‍ക്കു നേരേ വിഷം ചീറ്റിയതിലൂടെ വിവാദ നായികയായി മാറിയ സെനറ്റര്‍ ജസീന്ത നമ്പിജിന്‍പ പ്രൈസിനെതിരേ മറ്റൊരു സംഭവത്തില്‍ മാനനഷ്ടക്കേസ്. ആയിരത്തിലധികം പത്രപ്രവര്‍ത്തകര്‍ക്ക് ഇവര്‍ കൈമാറിയ പത്രക്കുറിപ്പില്‍ ഉന്നയിച്ച ദുരാരോപണത്തിന് ഇരയായി തീര്‍ന്ന സെന്‍ട്രല്‍ ലാന്‍ഡ് കൗണ്‍സില്‍ സിഇഓ ലെസ്ലി ടര്‍ണറാണ് ഇവര്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇദ്ദേഹം സിഇഓ പദവിക്ക് യോഗ്യനല്ലെന്നായിരുന്നു ആ പത്രക്കുറിപ്പില്‍ പ്രൈസ് പറഞ്ഞിരുന്നത്. ഒരു ആദിവാസി ലാന്‍ഡ് കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യൂട്ടീവിന്റെ സല്‍പ്പേര് ആ പത്രപ്രസ്താവനയിലൂടെ അവര്‍ ചവിട്ടിത്തേക്കുകയായിരുന്നെന്ന് മാനനഷ്ട ഹര്‍ജിയില്‍ പറയുന്നു.
ലാന്‍ഡ് കൗണ്‍സില്‍ സിഇഓ സ്ഥാനത്തു നിന്ന് ടര്‍ണര്‍ അവിശ്വാസ പ്രമേയത്തെ നേരിടുകയാണെന്നു ആ പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു. കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ടര്‍ണറിന് ഇല്ലെന്നും ആരോപണമുണ്ടായിരുന്നു. ഈ പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ടി ന്യൂസ് എന്ന പത്രത്തില്‍ ടര്‍ണറിനെതിരേ അടിസ്ഥാനരഹിതമായ വാര്‍ത്ത അച്ചടിച്ചു വന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. അങ്ങേയറ്റം മാനനഷ്ടമുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു അങ്ങനെ പത്രത്തിലൂടെ ജനങ്ങളിലെത്തിയത്. ഇതിന് ഉത്തരവാദി പ്രൈസ് ആണെന്നും ഹര്‍ജിയില്‍ പറയുന്നു.

