അരലക്ഷത്തില്‍ പരം കോടിയുടെ ആസ്തിയുമായി ജയശ്രീ ഉള്ളാല്‍ കോടീശ്വരിമാരില്‍ മുന്നില്‍

ന്യൂഡല്‍ഹി: കോടീശ്വരന്‍മാരുടെ പട്ടികകള്‍ മാത്രം കണ്ടു ശീലിച്ചവര്‍ക്കു കോടീശ്വരികളുടെ സമ്പത്ത് സംബന്ധിച്ച ചിത്രം പലപ്പോഴും അജ്ഞാതമായിരിക്കും. ഇതാ ഇന്ത്യയിലെ കോടീശ്വരിമാരുടെ പട്ടികയുമായി 2025ലെ ഹുറൂണ്‍ റിച്ച് ലിസ്റ്റ് പുറത്ത്. ഈ പട്ടിക അനുസരിച്ച് ഏറ്റവുമധികം സമ്പത്തിനുടമയായ വനിത കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് സ്ഥാപനമായ അരിസ്തയുടെ ഉടമയും പ്രസിഡന്റുമായ ജയശ്രീ ഉള്ളാല്‍. 50170 കോടി രൂപയാണ് ജയശ്രീയുടെ ആകെ സമ്പത്ത്. രണ്ടാം സ്ഥാനത്തു വരുന്നത് സോഹോയുടെ അധിപ രാധ വേമ്പുവാണ്. മാര്‍ക്കറ്റ് ലീഡര്‍മാരായ പല സോഫ്‌റ്റ്വെയറുകളാണ് വേമ്പുവിന്റെ ബലം. ഇപ്പോള്‍ പ്രചാരത്തില്‍ കുതിച്ചുകൊണ്ടിരിക്കുന്ന അരട്ടൈ എന്ന സാമൂഹ്യ മാധ്യമവും സോഹോ സ്യൂട്ട് എന്ന ഓഫീസ് സോഫ്റ്റവെയറും സോഹോയുടെ വരുമാനത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്നു. 46580 കോടി രൂപയാണ് രാധയുടെ ആസ്തി. രാജ്യത്തെ മുന്‍കിട ഫാഷന്‍ സ്റ്റോര്‍ ചെയിനായ നൈക്കയുടെ ഉടമസ്ഥയായ ഫാല്‍ഗുനി നയ്യാരാണ് 39810 കോടി രൂപയുടെ സ്വത്തുമായി മൂന്നാം സ്ഥാനത്തുള്ളത്. 29330 കോടി രൂപയുടെ സമ്പത്തു സ്വന്തമായുള്ള കിരണ്‍ മസൂംദാര്‍ ഷായാണ് നാലാം സ്ഥാനത്ത്. ബയോടെക്‌നോളജി അധിഷ്ഠിത സ്ഥാപനങ്ങളായ ബയോകോണ്‍ ലിമിറ്റഡും ബയോകോണ്‍ ബയോളജിക്‌സ് ലിമിറ്റഡുമാണ് കിരണിനു സമ്പത്തു നേടിക്കൊടുക്കുന്നത്. ബി ടു ബ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഓഫ് ബിസിനസിന്റെ സഹസ്ഥാപകയും സിഇഓയുമായ രുചി കല്‍റ 9130 കോടി രൂപയുടെ സ്വത്തുമായി അഞ്ചാം സ്ഥാനത്തും പോയകാലത്തെ ബോളിവുഡ് താരറാണിയുടം നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സിന്റെ സഹസ്ഥാപകയുമായ ജൂഹി ചൗള 7790 കോടി രൂപയുടെ സ്വത്തുമായി ആറാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു.