തൃശൂര്‍: ഭഗവാന് കൃഷ്ണനോടു പ്രിയം മൂത്ത മുസ്ലീം പെണ്‍കുട്ടി ജസ്ന സലീം വീണ്ടും വിവാദക്കുരുക്കില്‍, ഇക്കുറിയും വിവാദത്തിലായത് ഗുരുവായൂര്‍ നടപ്പന്തലിലെ റീല്‍സ് ചിത്രീകരണം തന്നെ. ആദ്യം വിവാദമായത് സ്വന്തം പിറന്നാള്‍ ഗുരൂവായൂര്‍ നടപ്പന്തലില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും അതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്ത സംഭവമാണ്. ഇതോടെ കേസ് ഹൈക്കോടതിയിലെത്തുകയും വിവാഹത്തിന്റെയോ മതപരമായ ചടങ്ങുകളുടെയോ അല്ലാതെ മറ്റൊരു വീഡിയോയും നടപ്പന്തലില്‍ ചിത്രീകരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം നടപ്പന്തലില്‍ മറ്റൊരു വീഡിയോ ഇവര്‍ ചിത്രീകരിച്ചെന്നും അതും സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തുവെന്നും നവംബര്‍ അഞ്ചിന് പരാതി ഉയര്‍ന്നതോടെ ജസ്നയ്ക്കെതിരേ വെള്ളിയാഴ്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു റീല്‍സ് ചിത്രീകരിച്ചിട്ടില്ലെന്ന വിശദീകരണവുമായി ജസ്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ നടപ്പന്തലില്‍ ഒരു വീഡിയോയും ചിത്രീകരിച്ചിട്ടില്ല. ഒരു ഷോപ്പിന്റെ വീഡിയോ മാത്രമാണ് ചിത്രീകരിച്ചതും പോസ്റ്റ് ചെയ്തതും. എന്നാല്‍ താന്‍ ഗുരുവായൂരില്‍ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ ചിത്രീകരിച്ചിരുന്നു, അവരാണത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും. താന്‍ ചിത്രീകരിച്ച ഷോപ്പിന്റെ വീഡിയോ ഇപ്പോഴും തന്റെ ചാനലിലുണ്ടെന്നും ആര്‍ക്കു വേണമെങ്കിലും അതു പരിശോധിക്കാമെന്നും ജസ്ന പറയുന്നു. താന്‍ മനസാ വാചാ അറിയാത്ത കാര്യത്തിനാണിപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. നേരത്തെ നടപ്പന്തലില്‍ മുറിച്ചത് മുട്ട ചേര്‍ക്കാത്ത കേക്ക് ആയിരുന്നുവെന്നും ജസ്ന പറയുന്നു.
കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന. ശ്രീകൃഷ്ണന്റെ നിരവധി ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിച്ചാണ് ഇവര്‍ ശ്രദ്ധേയയാകുന്നത്. ശ്രീകൃഷ്ണന്റെ ഒരു ചിത്രം വരച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമ്മാനിച്ചിട്ടുണ്ട്.

