ടോക്യോ: ലോകത്ത് എവിടെ ചെന്നാലും ഒരു ഇന്ത്യന്‍ റസ്‌റ്റോറന്റ് കണ്ടെത്താനായേക്കും. നടത്തുന്നതും ഏതെങ്കിലും ഇന്ത്യക്കാര്‍. അപൂര്‍വമായെങ്കിലും വിദേശികള്‍ തനിച്ചോ ഇന്ത്യക്കാരുമായി ചേര്‍ന്നോ നടത്തുന്ന റസ്‌റ്റോറന്റുകളും കണ്ടേക്കാം. എന്നാല്‍ ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിലെ ഇന്ത്യന്‍ സ്‌പൈസ് ഫാക്ടറി എന്ന റസ്റ്റോറന്റിന് ഒരു പ്രത്യേകതയുണ്ട്. ഇതു നടത്തുന്നത് ജാപ്പനീസ് ദമ്പതിമാരാണ്. പേര് ഇന്ത്യന്‍ സ്‌പൈസ് ഫാക്ടറി. പേരില്‍ മാത്രമല്ല ഇന്ത്യയുള്ളത്. ഇവര്‍ വിളമ്പുന്നതു മുഴുവന്‍ ഇന്ത്യന്‍ വിഭവങ്ങളാണ്. ബംഗാളി ഭക്ഷണം മുതല്‍ തെക്കേ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ വരെയെല്ലാമുണ്ട്. നകയാമ സാന്‍ എന്ന നടത്തിപ്പുകാരന്റെ കൂട്ടുനടത്തിപ്പുകാരി സച്ചികോ സാന്‍ മുഴുവന്‍ സമയവും ഇന്ത്യന്‍ രീതിയില്‍ സാരിയാണ് ധരിക്കുന്നത്. ഭക്ഷണം വിളമ്പുന്നതാകട്ടെ വാഴയിലയിലും. സോനം മിഥ എന്ന ട്രാവല്‍ വ്‌ളോഗറാണ് ഇവരെ ഇന്ത്യയ്ക്കു പരിചയപ്പെടുത്തിയത്.
പ്രഫഷണല്‍ ഷെഫാണ് നകയാമ സാന്‍.. കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ റസ്റ്റോറന്റുകള്‍ നടത്തിയുള്ള പരിചയമുണ്ട് നകയാമയ്ക്ക്. ഇന്ത്യയില്‍ ജീവിച്ചിരുന്ന കാലത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷണങ്ങളും അവയുണ്ടാക്കുന്ന രീതികളും നകയാമ പഠിക്കുന്നത്. പിന്നീട് ജപ്പാനില്‍ ഈ വിഭവങ്ങളെ പരിചയപ്പെടുത്തുന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു.