ഫുട്‌ബോള്‍ കളിക്കാരായി നടിച്ച് പാക്കിസ്ഥാനില്‍നിന്ന് ജപ്പാനിലേയ്ക്ക് മനുഷ്യക്കടത്തു നടത്തിയതായി സംശയിക്കുന്ന വഖാസ് അലി എന്നയാള്‍ പാക്കിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ പിടിയിലായി. സിയാല്‍കോട്ടിലെ പസ്‌റൂര്‍ സ്വദേശിയാണ് ഇയാളെന്നാണ് ലഭ്യമായ വിവരം. സെപ്റ്റംബര്‍ പതിനഞ്ചിനായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളുടെമേല്‍ ആരോപിക്കപ്പെടുന്ന കൃത്യം ചെയ്തത് ഇങ്ങനെ: ആദ്യം പതിനേഴംഗങ്ങളുള്ള സംഘത്തിന് 15 ദിവസത്തേയ്ക്ക് ജപ്പാനിലേയ്ക്കുള്ള യാത്രയൊരുക്കുന്നു. ഇതിനായി ‘ബോവാവിസ്റ്റ ഫുട്‌ബോള്‍ ക്ലബ്’ എന്ന ക്ലബിന്റെ കള്ള ക്ഷണക്കത്താണ് ഉപയോഗിച്ചിരുന്നത്. വിസ ഫയലില്‍ പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പേരിലുള്ള കള്ള രജിസ്‌ട്രേഷനും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പേരിലുള്ള കള്ളസര്‍ട്ടിഫിക്കറ്റും ചേര്‍ത്തിരുന്നതിനാല്‍ കൂടുതല്‍ ഔദ്യോഗിക മുഖം ലഭിച്ചു. 2024 ജനുവരി 1ന് ജപ്പാനിലേയ്ക്കു കടന്നതായി കരുതപ്പെടുന്ന ഇവര്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ല. അങ്ങനെയാണ് ഇതൊരു മനുഷ്യക്കടത്തു പദ്ധതിയാവാമെന്ന സംശയം ഉദ്യോഗസ്ഥരില്‍ ഉദിക്കുന്നത്.
പ്രതി നാല്‍പ്പതുമുതല്‍ നാല്‍പ്പത്തഞ്ചുവരെ ലക്ഷം പാക്കിസ്ഥാന്‍ രൂപ ഓരോരുത്തരുടെയും കൈയില്‍ന്നു പറ്റിയിരുന്നതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സ്‌പോര്‍ട്‌സ്, കലാസാംസ്‌കാരിക വിസകളിലുള്ള സുരക്ഷാവീഴ്ച തുറന്നുകാണിക്കുന്നതായി ഈ സംഭവം മാറിയിട്ടുണ്ട്. സ്‌പോര്‍ട്‌സിന്റെ മറയില്‍ വലിയ പ്രശ്‌നമില്ലാതെ മനുഷ്യക്കടത്തും നടത്താനാവുമെന്നു തെളിയുകയാണിപ്പോള്‍.
2025 ജൂണില്‍ ഇതേ വഖാസ് അലി മറ്റൊരു 22അംഗ ‘ഫുട്‌ബോള്‍’ ടീമുമായി ജപ്പാന്‍ യാത്ര നടത്താന്‍ ശ്രമിച്ചിരുന്നതാണ്. അന്ന് ജാപ്പനീസ് ഇമിഗ്രേഷന്‍ അധികൃതര്‍ ഇവരെ വിമാനത്താവളത്തില്‍ത്തന്നെ കൈയോടെ പൊക്കി നാടുകടത്തുകയായിരുന്നു. ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റും അന്നത്തെ സംഭവങ്ങളുടെ ബാക്കിപത്രംതന്നെയാണ്. പണമിടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം കൂടുതല്‍ അറസ്റ്റുകളുണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പാക്കിസ്ഥാനില്‍ നിന്നു മനുഷ്യക്കടത്തിന് ഫുട്‌ബോള്‍ മറ, ഇടനിലക്കാരന്‍ പിടിയില്‍, ‘കളിക്കാരെ’ ജപ്പാന്‍ തിരിച്ചയച്ചു

