സിഡ്നി: ഇന്ത്യന്‍ സമൂഹത്തിന്റെ മനസിന് ആഴത്തിലുള്ള മുറിവ് സമ്മാനിച്ച പ്രസ്താവനകള്‍ പരസ്യമായി ടെലിവിഷന്‍ അഭിമുഖത്തില്‍ നടത്തിയ ജസിന്ത നമ്പിജിന്‍പ പ്രൈസിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നു കനത്ത തിരിച്ചടി. പ്രൈസിനെ പ്രതിപക്ഷത്തിന്റെ ഷാഡോ കാബിനറ്റില്‍ നിന്നു പ്രതിപക്ഷ നേതാവ് സൂസന് ലേ പുറത്താക്കി. ഇതേ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഒന്നാം നിര സീറ്റില്‍ നിന്ന് പ്രൈസിന് ഇനി പിന്‍നിരയിലേക്കു മാറേണ്ടി വരും. നിലവില്‍ നിഴല്‍ മന്ത്രിസഭയില്‍ പ്രതിരോധ വ്യവസായത്തിന്റെ കാര്യങ്ങളാണ് ജസീന്ത് പ്രൈസ് നോക്കിപ്പോരുന്നത്.
ലിബറല്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കന്മാരുമൊത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്ന സൂസന് ലേ അതിന്റെ കൂടി വെളിച്ചത്തിലാണ് ഈ കടുത്ത നടപടിയിലേക്കു കടന്നിരിക്കുന്നത്. തന്റെ പ്രസ്താവനയില്‍ മാപ്പു പറയണമെന്ന പാര്‍ട്ടിയുടെ തുടര്‍ച്ചയായ ആവശ്യം ജസീന്ത പ്രൈസ് പ്രതിരോധിച്ചു നില്‍ക്കുകയായിരുന്നു. തന്റെ പ്രസ്താവനകള്‍ അനവസരത്തില്‍ ഉപയോഗിക്കപ്പെടുകയായിരുന്നു എന്നു പറയുന്നതിനപ്പുറം ഇന്ത്യന്‍ സമൂഹം കാത്തിരുന്നതും സ്വന്തം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതുമായ ഏറ്റുപറച്ചിലിന് അവര്‍ തയാറായതുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാത്രം ലിബറല്‍ പാര്‍ട്ടിയിലെത്തിയ പ്രൈസിനെ പിന്താങ്ങാന് ആരും തയാറായില്ല എന്നതും അവര്‍ക്കു തിരിച്ചടിയായി മാറി. എന്നിട്ടും നിലപാടില്‍ മാറ്റം വരുത്താന്‍ പ്രൈസ് തയാറായിട്ടില്ല എന്നതില്‍ നിന്ന് എത്ര കരുതിക്കൂട്ടിയായിരുന്നു ഇന്ത്യവിരുദ്ധ പ്രസ്താവന എന്നു വ്യക്തമാകുന്നു.
തന്റെ പ്രസ്താവന ഇന്ത്യക്കാര്ക്കെതിരായിരുന്നില്ല, മറിച്ച് കുടിയേറ്റത്തിന് അനുമതി കൊടുക്കുന്നതിന്റെ വ്യാപ്തിയും വേഗതയും മാത്രമാണ് ചൂണ്ടിക്കാണിക്കുന്നത് എന്നാണ് ഇന്നലെയും ജസീന്ത പ്രൈസ് ന്യായീകരിക്കാന്‍ ശ്രമിച്ചത്. ദേശീയ താല്പര്യമുള്ള വിഷയങ്ങളില്‍ ഇതേ രീതിയില്‍ തന്നെ തുടര്‍ന്നും സംസാരിച്ചുകൊണ്ടേയിരിക്കുമെന്നും അവര്‍ പറഞ്ഞു. താന്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് ധൈര്യത്തിന്റെ ബോധ്യത്തിന്റെയും സത്യത്തിന്റെയും പരീക്ഷണഘട്ടത്തിലൂടെയാണെന്നും ജസീന്ത പറഞ്ഞു.
നിഴല്‍ മന്ത്രിസഭയില്‍ നിന്ന് ജസീന്ത് പ്രൈസ് തെറിച്ചു. പാര്‍ലമെന്റില്‍ സീറ്റ് പിന്‍നിരയില്‍ മാത്രം
