ഇറ്റാലിയന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഇക്കിളിസൈറ്റിലോ

റോം: ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, പ്രതിപക്ഷ നേതാവ് എല്ലി ഷ്‌ലൈന്‍ തുടങ്ങിയവരെ പോണ്‍സൈറ്റുകളുടെ ഇക്കിളിത്താളുകളില്‍ കണ്ടാല്‍ അതിശയിക്കേണ്ട. ഡിജിറ്റല്‍ കാലത്ത് ഇതല്ല, ഇതിലപ്പുറവും നടക്കുമെന്ന് വിചാരിച്ചാല്‍ മാത്രം മതി. ഇറ്റലിയിലെ ഏറ്റവും തലയെടുപ്പുള്ള ഏഴുപേരുടെ ചിത്രങ്ങളാണ് പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. എല്ലാം മോര്‍ഫ് ചെയ്ത് ‘തല മാറട്ടെ’ രീതിയില്‍ തയാറാക്കിയതാണെന്നു മാത്രം കരുതിയാല്‍ മതി. എന്നാല്‍ ഇറ്റലിയില്‍ തന്നെ തയാറാക്കുന്ന പോണ്‍മാസികയില്‍ ഇവ വന്നതിന്റെ പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് പലര്‍ക്കും താല്‍പര്യം.
ഈ സംഭവത്തിനു പിന്നിലും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുമായി ബന്ധപ്പെട്ട മറ്റൊരു കണക്ഷന്‍ കണ്ടെത്തുന്നവരുമുണ്ട്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടലും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍ വന്നതുമായി നേരിട്ടു ബന്ധമുണ്ടത്രേ. പുരുഷന്‍മാര്‍ക്ക് തങ്ങളുടെ ഭാര്യമാരുടെയും ഇടപെടുന്ന മറ്റു സ്ത്രീകളുടെയും സ്വകാര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു പരസ്യമാക്കാന്‍ അവസരം കൊടുത്തൊരു പേജ് സ്വകാര്യതാ ലംഘനത്തിന്റെ പേരില്‍ മെറ്റ അടുത്തയിടെ പൂട്ടിയിരുന്നു. ഇതിനു ശേഷമാണ് രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ അശ്ലീല രീതിയിലേക്ക് എഡിറ്റ് ചെയ്ത് പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. മെറ്റ വിവാദമായ പേജ് പൂട്ടിയതിനു പിന്നില്‍ നേതാക്കളുടെ ഇടപെടല്‍ സംശയിക്കുന്ന ഏതോ ഞരമ്പനാണത്രേ ഈ സംഭവത്തിനു പിന്നില്‍.