ടെല്‍ അവീവ്: ഹമാസ് ബന്ദിയാക്കിയ ശേഷം മോചിപ്പിച്ച ഇസ്രേലി യുവാവ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 13ന് നല്കിയ അഭിമുഖത്തിലാണ് മുന്‍ സൈനികന് കൂടിയായ റോം ബ്രാസ്ലാവ്സ്കി തുറന്നു പറച്ചില് നടത്തിയിരിക്കുന്നത്. ആദ്യമായാണ് ഹമാസ് ക്യാമ്പില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് ഒരു പുരുഷന് പ്രതികരിക്കുന്നത്. സൈനിക സേവനത്തില്‍ നിന്ന് അവധിയെടുത്ത് തെക്കന്‍ ഇസ്രേലിലെ കുബുറ്റ്സില് നടന്ന ട്രൈബ് ഓഫ് നോവ സംഗീത പരിപാടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി സേവനം ചെയ്യുന്നതിനിടെയാണ് ഹമാസ് ഇയാളെ മറ്റുള്ളവര്‍ക്കൊപ്പം തട്ടിക്കൊണ്ടു പോകുന്നത്.
മതം മാറാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ കെട്ടിയിട്ട് ഇടിക്കുകയും ഇരുമ്പ് കേബിള്‍ ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു. ഇക്കൊല്ലം ഓഗസ്റ്റില്‍ പാലസ്തീന് ഇസ്ലാമിക് ജിഹാദ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബ്രാസ്ലാവ്സ്കി കരയുന്നതും താന്‍ മരണത്തിന്റെ വക്കിലാണെന്നു പറയുന്നതും ലോകം മുഴുവനും കണ്ടതാണ്. ഹമാസ് ക്യാമ്പിലെ പീഡനങ്ങളെ പറ്റി ലോകത്തിനു ബോധ്യമായത് ആ വീഡിയോ കണ്ടപ്പോഴായിരുന്നു.
ഈ വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി ഹമാസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വസ്ത്രം മുഴുവന്‍ ഉരിഞ്ഞു മാറ്റിയ ശേഷം കെട്ടിയിട്ടുവെന്നും ഇയാള്‍ പറയുന്നു. ഭക്ഷണം തന്നതേയില്ല. താന്‍ വിശന്നു മരിക്കുന്ന അവസ്ഥയിലാണ് എത്തിയത്. ഇതിനപ്പുറം ഹമാസ് തടവറയില്‍ അനുഭവിക്കേണ്ട വന്ന പീഡനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിമുഖത്തില്‍ ബ്രാസ്ലാവ്സ്കി പറയുന്നു. ഹമാസിന്റെ തടവറയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് ബന്ദിക്കളാക്കപ്പെട്ട വനിതകള്‍ പറയുന്ന വീഡിയോ ഇതിനു മുമ്പ് പുറത്തു വന്നിരുന്നെങ്കിലും ഒരു പുരുഷന് ലൈംഗിക പീഡനമേറ്റതിന്റെ തുറന്നു പറച്ചില് ആദ്യമാണ്.

