നരകത്തിന്റെ വാതിലുകള്‍ തുറക്കുമെന്ന് ഇസ്രയേല്‍, ആയുധം വിട്ടൊരു കളിയില്ലെന്ന് ഹമാസ്

ജറുസലേം: ഇസ്രയേല്‍ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഹമാസ് തയാറാകുന്നില്ലെങ്കില്‍ അതിന്റെ വില അനുഭവിക്കേണ്ടി വരുന്നത് ഗാസയായിരിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി. ഗാസ മേഖലയില്‍ സൈനികാക്രമണം വര്‍ധിപ്പിക്കാന്‍ ഇസ്രയേല്‍ തയാറെടുക്കുകയാണെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് പ്രതിരോധമന്ത്രി കാറ്റിസിന്റെ വെല്ലുവിളി എത്തിയിരിക്കുന്നത്. ഹമാസിനായി നരകത്തിന്റെ സര്‍വ വാതിലുകളും തങ്ങള്‍ തുറക്കാന്‍ പോകുകയാണെന്നാണ് കാറ്റ്‌സ് പറഞ്ഞത്.
ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ കൈമാറാന്‍ തയാറാകൂവെന്ന് ഹമാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ യുദ്ധം അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷ ജനിച്ചിരിക്കെയാണ് ഇസ്രയേലിന്റെയും ഹമാസിന്റെയും പോര്‍വിളി വീണ്ടും മുഴങ്ങുന്നത്. പാലസ്തീന്‍ രാഷ്ട്രം രൂപീകൃതമാകുന്നതു വരെ ആയുധം താഴെ വയ്ക്കില്ലെന്നാണ് ഇപ്പോള്‍ ഹമാസും പറയുന്നത്.