ഗാസയില്‍ ഹമാസും നാട്ടില്‍ സ്വന്തം ജനതയും നെതന്യാഹുവിനെ കുരുക്കിലാക്കിയാല്‍

ടെല്‍ അവീവ്: നാട്ടിലുയരുന്ന എതിര്‍ ശബ്ദങ്ങളെ വകവയ്ക്കാതെ ഗാസയില്‍ കണ്ണില്‍ചോരയില്ലാത്ത ആക്രമണം അഴിച്ചു വിട്ടുകൊണ്ടു മാത്രം എത്രനാള്‍ നെതന്യാഹുവിനു പിടിച്ചു നില്‍ക്കാനാവും. ഞായറാഴ്ച ഇസ്രയേല്‍ അക്ഷരാര്‍ഥത്തില്‍ പ്രതിഷേധത്തിലായിരുന്നു. ഹമാസ് ബന്ദികളാക്കിയിരിക്കുന്നവരെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് രണ്ടു സംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച ഡേ ഓഫ് സ്റ്റോപ്പേജ് അത്ര വലിയ പ്രതികരണമാണുണ്ടാക്കിയത്. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് ഈ സംഘടനകളുടെ നേതൃത്വത്തിലുള്ളത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പലയിടത്തും ജലപീരങ്കി വരെ ഉപയോഗിക്കേണ്ടി വന്നു.
നാട്ടിലെ അസ്വസ്ഥതകളെ ഗാസിയില്‍ അക്രമം അഴിച്ചുവിട്ട് കണ്ടില്ലെന്നു നടിക്കുന്ന പതിവ് രീതി ഞായറാഴ്ച മാറ്റേണ്ടി വന്നു. എന്നാല്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ അത്ര വേഗം തീര്‍ക്കാന്‍ നെതന്യാഹുവിന് ആവുകയില്ല താനും. കാരണം സഖ്യകക്ഷി സര്‍ക്കാര്‍ നൂല്‍പാലത്തിലൂടെയാണ് നീങ്ങുന്നത്. അതിലെ ചില കക്ഷികള്‍ ഹമാസിനെ ഇല്ലാതാക്കണമെന്ന കടുംപിടുത്തക്കാരാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ ആറു ബന്ദികളെ മരിച്ച നിലയില്‍ കണ്ടെത്തിക്കഴിഞ്ഞുള്ള ഏറ്റവും വലിയ പ്രതിഷേധമാണ് ഇന്നലെയുണ്ടായത്. ആകെ 38 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യേണ്ടി വന്നു. ബന്ദികളുടെ ദുരിത ജീവിതം ചിത്രീകരിച്ച വീഡിയോ ഹമാസ് പുറത്തു വിട്ടതോടെയാണ് പഴയ പ്രതിഷേധം പുതിയ പ്രക്ഷോഭത്തിലേക്കു മാറിയത്. സൈനിക നടപടികള്‍ ശേഷിക്കുന്ന ബന്ദികളുടെ ജീവന്‍ തുലാസിലാക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍ യുദ്ധം തണുപ്പിച്ചാല്‍ അതു ഹമാസിനെ ശക്തിപ്പെടുത്തുമെന്ന വാദമാണ് നെതന്യാഹു മുന്നോട്ടു വയ്ക്കുന്നത്.