ഗാസാ സിറ്റി: പലസ്തീനിലെ പ്രധാന നഗരമായ ഗാസ പൂര്‍ണമായും പിടിച്ചെടുക്കുന്നതിനു മുന്നോടിയായി ഗാസ സിറ്റിയെ അപകടകരമായ യുദ്ധമേഖലയായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഗാസ പിടിച്ചെടുക്കല്‍ അടുത്ത യുദ്ധലക്ഷ്യമായി കരുതുന്ന ഇസ്രയേല്‍ കര മുഖേനയാണ് ഇപ്പോള്‍ ആക്രമണം നടത്തി മുന്നേറുന്നത്. ഇതുവരെ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ആകാശമാര്‍ഗമായിരുന്നു ബോംബിടലും ആക്രമണവുമെങ്കില് ഇപ്പോള്‍ യുദ്ധത്തിന്റെ രീതി തന്നെ മാറ്റിയിരിക്കുകയാണ്. വ്യോമയുദ്ധത്തില്‍ ശത്രുവിനു പ്രഹരമേല്പിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ കരയുദ്ധത്തിന്റെ ലക്ഷ്യം അധിനിവേശത്തില്‍ കുറഞ്ഞൊന്നുമല്ലെന്നു വ്യക്തം. ഇതോടെ ഗാസ മുനമ്പിലെ ഏറ്റവും വലിയ നഗരമായ ഗാസയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്.
രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ഇടവേളയ്ക്ക് സമ്മതിച്ചിരുന്നതാണ്. എന്നാല്‍ അതില്‍ നിന്നും ഇപ്പോള്‍ പിന്നോക്കം പോയിരിക്കുകയാണ്. കടുത്ത പട്ടിണിയുടെ പിടിയിലമര്‍ന്ന ഗാസയിലേക്ക് രാജ്യാന്തര ഏജന്‍സികള്‍ കൊടുത്തുവിടുന്ന ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനു സാവകാശം ലഭിക്കുന്നതിനായിരുന്നു വെടിനിര്‍ത്തലിന്റെ ഇടവേള അനുവദിച്ചിരുന്നത്. ഗാസ സിറ്റി ഒഴികെയുള്ള ഗാസ മുനമ്പിന്റെ ഭാഗങ്ങളില്‍ ഇടവേള തുടര്‍ന്നും പാലിക്കുമെന്നാണ് ഇസ്രയേലിന്റെ വാഗ്ദാനം. ഹമാസിന്റെ പൂര്‍ണമായ നിരായുധീകരണമാണ് ഇപ്പോഴത്തെ കടുത്ത ആക്രമണത്തിലൂടെ ഇസ്രയേല്‍ ഉദ്ദേശിക്കുന്നത്. അടുത്ത പടിയായി ഗാസയെ ഇസ്രയേലിലേക്കു കൂട്ടിച്ചേര്‍ക്കാനുള്ള നടപടികളും ഉണ്ടാകും.
അതിനിടെ 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് കടന്നു കയറി ബന്ദികളാക്കി പിടിച്ചു കൊണ്ടുപോയവരില്‍ രണ്ടു പേരുടെ മൃതദേഹം ഗാസയില്‍ നിന്നു കണ്ടെടുത്തതായി ഇസ്രയേല്‍ അറിയിച്ചു.
ഗാസയെ നരകമാക്കി ഇസ്രയേലിന്റെ കരയുദ്ധം, ഗാസ പിടിക്കുക ലക്ഷ്യം
