ഇസ്രയേല്‍ വളരുമോ വെസ്റ്റ്ബാങ്കിലേക്കു കൂടി, വെറുതെ പറയുകയല്ല.

ജറൂസലേം: വെസ്‌റ് ബാങ്ക് ഇനി എത്രനാള്‍ പഴയ വെസ്റ്റ് ബാങ്കായി കാണാനാകുമെന്നു കണ്ടറിയണം. ഏറെക്കാലമായി ഇസ്രയേല്‍ മനസില്‍ കാത്തുവച്ച മോഹമായ കുടിയിരുത്തല്‍ ഇനി വൈകില്ലെന്നാണ് ഇസ്രേലി മന്ത്രിമാരിലെ ഏറ്റവും കടുത്ത നിലപാടുകാരിലൊരാളായ ബസലേല്‍ സ്‌മോട്രിച്ച് പറയുന്നത്. വെസ്റ്റ്ബാങ്കില്‍ ഇസ്രയേലിന്റെ കൈയിലിരിക്കുന്ന ഇ1 എന്ന പ്രദേശത്താണ് വന്‍തോതില്‍ വീടുകള്‍ നിര്‍മിച്ച് ജൂതരെ കുടിയിരുത്താനുള്ള പദ്ധതി അണിയറയില്‍ ചൂടുപിടിച്ചത്. ട്രംപിന്റെ പൂര്‍ണ പിന്തുണയുള്ളതിനാല്‍ ഇതല്ല, ഇതിലപ്പുറവും ചാടിക്കടക്കാമെന്ന പ്രതീക്ഷയിലാണ് സ്‌മോട്രിച്ച്. അതേസമയം ഒതുക്കത്തില്‍ കുടിയേറ്റം വ്യാപിപ്പിച്ചാല്‍ ഇനിയൊരു കാലവും പാലസ്തീന്‍ എന്നൊരു രാജ്യമേ ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് പലസ്തീനികളുടെ പേടി. ഭൂമിയുണ്ടായിട്ടു വേണ്ടേ രാജ്യമുണ്ടാകാന്‍. ഓസ്‌ട്രേലിയയും ന്യൂസീലാന്‍ഡും പോലെയുള്ള രാജ്യങ്ങളൊക്കെ സെപ്റ്റംബറില്‍ ഒരു രാജ്യമെന്ന നിലയില്‍ പാലസ്തീനെ അംഗീകരിക്കാനിരിക്കെയാണ് മൊത്തത്തില്‍ തുരങ്കം വയ്ക്കുന്ന പണിയുമായി ഇസ്രയേല്‍ മുന്നോട്ടു വരുന്നത്.
ആകെയുള്ള ആശ്വാസം ഇ1 വീടുപദ്ധതിക്ക് ഇതുവരെ അവസാന അംഗീകാരം ഇസ്രയേലി ഗവണ്‍മെന്റില്‍ നിന്നു കിട്ടിയിട്ടില്ല എന്നതാണ്. എന്നാല്‍ അതും അടുത്തയാഴ്ച കിട്ടുമെന്ന സൂചനയാണ് പൊതുവേയുള്ളത്. ആകെ 3300 വീടുകളാണ് പുതുതായി പണിയാന്‍ ഇസ്രയേലിന്റെ ഉള്ളിലിരുപ്പ്. വെസ്‌റ്ബാങ്കിലെ ഇസ്രയേലിന്റെ അധിനിവേശത്തെ ഒട്ടുമിക്ക ലോകരാജ്യങ്ങളും എതിര്‍ക്കുമ്പോള്‍ വെസ്റ്റ്ബാങ്കില്‍ അധിനിവേശമില്ല, ഇതൊരു തര്‍ക്കഭൂമി മാത്രമാണെന്നേ ഇസ്രയേല്‍ പറയൂ.