രണ്ടു ഡോളര്‍ ചെലവില്‍ മിസൈലുകളെ തകര്‍ക്കാന്‍ പറ്റുന്ന ലേസര്‍ ആയുധം വികസിപ്പിച്ച് ഇസ്രയേല്‍

വരുന്നു ഇസ്രായേലിന്റെവക ലേസര്‍ അധിഷ്ഠിത മിസൈല്‍ ഇന്റര്‍സെപ്റ്റര്‍. അതിശക്ത ലേസറുപയോഗിച്ച് ശത്രുക്കളുടെ മിസൈലുകള്‍ തകര്‍ക്കുന്ന പുതുപുത്തന്‍ സാങ്കേതികവിദ്യ ലോകത്തുതന്നെ ആദ്യമായാണ് പരീക്ഷിക്കപ്പെടുന്നത്. റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്, എല്‍ബിറ്റ് സിസ്റ്റംസ് എന്നീ കമ്പനികളും ഇസ്രായേല്‍ പ്രതിരോധമന്ത്രാലയത്തിനു കീഴിലെ നൂതനസാങ്കേതികവിദ്യാ ഗവേഷണകേന്ദ്രവും ഇസ്രായേല്‍ വ്യോമസൈന്യവും സംയുക്തമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഇത് ലോകത്തിന്റെതന്നെ സൈനികസാങ്കേതികവിദ്യയിലെ വന്‍ കുതിച്ചുചാട്ടവും ആധുനിക യുദ്ധതന്ത്രത്തെത്തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സാങ്കേതികവിദ്യയുമായാണ് കരുതപ്പെടുന്നത്. അയണ്‍ ബീം എന്നാണ് ഈ പുതിയ സാങ്കേതികവിദ്യയുടെ ഓമനപ്പേര്. കഴിഞ്ഞയാഴ്ചയാണ് റഫാല്‍ അയണ്‍ ബീം പ്രവര്‍ത്തനസജ്ജമായ വിവരം ലോകത്തെ അറിയിച്ചത്. ഒരാഴ്ച നീണ്ട യുദ്ധസമാന സാഹചര്യങ്ങളിലെ പരീക്ഷണവും കഴിഞ്ഞശേഷമാണ് ഇസ്രായേല്‍ അയണ്‍ ബീം ഏറ്റെടുത്തത്. റഫാലിന്റെ അഡാപ്റ്റീവ് ഓപ്റ്റിക്‌സ് സാങ്കേതികവിദ്യയുപയോഗിച്ചാണ് മിസൈലുകളെ അതിവേഗം കണ്ടെത്തുന്നത്.
പരമ്പരാഗത മിസൈല്‍വേധ സംവിധാനങ്ങള്‍ റോക്കറ്റുകളാണുപയോഗിക്കുന്നത്. ഇതുകൊണ്ട് ഓരോ തവണ വെടിവയ്ക്കുമ്പോഴും 60,000 ഡോളറിന്റെ ചെലവുവരുന്നുണ്ട്. എന്നാല്‍ പുതിയ അയണ്‍ ബീം സാങ്കേതികവിദ്യയുപയോഗിച്ച് വെറും 2 ഡോളര്‍ ചെലവുള്ള വൈദ്യുതപ്രവാഹംകൊണ്ടുതന്നെ മിസൈലുകളെ തകര്‍ക്കാനാവും. ഇങ്ങനെ എതിരാളികളുടെമേല്‍ ശക്തികൊണ്ടു മാത്രമല്ല സാമ്പത്തികനേട്ടം കൊണ്ടും മേല്‍ക്കോയ്മയും വിജയവും കൈവരിക്കാനാവും.
അയണ്‍ ബീം ഇസ്രായേലിന്റെ സുസ്ഥാപിതമായ അയണ്‍ ഡോം, ഡേവിഡ്‌സ് സ്ലിങ്ങ്, ആരോ എന്നീ മിസൈല്‍വേധ സംവിധാനങ്ങളോടു ചേര്‍ന്നാവും പ്രവര്‍ത്തിക്കുക. താരതമ്യേന ചെറിയ റോക്കറ്റുകള്‍, താഴ്ന്നു പറക്കുന്ന വിമാനങ്ങള്‍, മോര്‍ട്ടാറുകള്‍ തുടങ്ങിയവയെ പ്രതിരോധിക്കാന്‍ അയണ്‍ ബീം ഉപയോഗിക്കുമ്പോള്‍, മറ്റു പരമ്പരാഗത സിസ്റ്റങ്ങള്‍ വലിയ മിസൈലുകളെ തകര്‍ക്കാന്‍ തുടര്‍ന്നും ഉപയോഗിക്കും. അങ്ങനെ പരമ്പരാഗത ശൈലിയിലുള്ള മിസൈല്‍വേധ സിസ്റ്റങ്ങളുടെമേലുള്ള ഭാരവും അതുമൂലമുണ്ടാകുന്ന ചെലവും ഗണ്യമായി കുറയും.
ഭാവിയില്‍ ലേസര്‍ സംവിധാനത്തിന്റെ ശക്തിയും ദൂരവും വര്‍ദ്ധിപ്പിക്കാനും പതിയെ ഈ സംവിധാനം ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ച് ബാലിസ്റ്റിക് മിസൈലുകളെ വരെ തടുക്കാനുമുള്ള ശേഷി കൈവരിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ദൂരവ്യാപക ലേസര്‍ ആയുധസംവിധാനങ്ങളുടെ ആരംഭം കുറിക്കുന്ന സിസ്റ്റമാണിതെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഗവേഷണവിഭാഗം തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ യെഹൂദാ എല്‍മകായെസ് പറഞ്ഞത്.
അയണ്‍ ബീം സംവിധാനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാവുകയും വിന്യസിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.