കണ്ണില്‍ കണ്ടതൊക്കെ തകര്‍ത്ത് ഗാസയുടെ മണ്ണിലൂടെ ഇസ്രയേലിന്റെ കരയുദ്ധം തുടങ്ങി

ഗാസ സിറ്റി: ഇതുവരെ തുടര്‍ന്നു വന്ന ആകാശയുദ്ധത്തിനു പകരം കരയുദ്ധം ആരംഭിച്ച് ഗാസ പിടിക്കാനുള്ള നീക്കത്തില്‍ അടുത്ത ചുവടുമായി ഇസ്രയേല്‍. കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്ത് ഇസ്രയേലിന്റെ കവചിത വാഹനങ്ങളും സൈനികരും ഗാസയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്നു മാത്രം ഗാസയില്‍ അറുപതിലധികം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ ചാനല്‍ അറിയിച്ചു.
കരയുദ്ധം വരുന്നതായി അറിഞ്ഞ് ഗാസയില്‍ ശേഷിക്കുന്ന ആള്‍ക്കാര്‍ കൂടി പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഗാസ മുനമ്പിനെ പല ഭാഗങ്ങളായി തിരിച്ച് സമ്പൂര്‍ണ സൈനിക നടപടിയാണ് തങ്ങള്‍ ആരംഭിക്കുന്നതെന്ന സൂചന നല്‍കിക്കൊണ്ട് ഒരു നഗര ഭൂപടം ഇസ്രയേല്‍ സേന എക്‌സില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴാകട്ടെ തങ്ങള്‍ കരയുദ്ധം ആരംഭിച്ചുവെന്നും സേന തന്നെ എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ പലസ്തീനികളെ വംശഹത്യയാണ് ചെയ്യുന്നതെന്ന് ആരോപിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ പതിവുപോലെ അന്തര്‍ദേശീയ സ്വരങ്ങളെ അവഗണിക്കുന്ന സമീപനം തന്നെയാണ് ഇക്കാര്യത്തിലും ഇസ്രയേല്‍ പുലര്‍ത്തുന്നത്.