ഹമാസിനു ട്രംപ് അനുവദിച്ച സമയം തീരുംമുമ്പേ ഗാസസിറ്റി വളഞ്ഞ് ഇസ്രയേല്‍ സൈന്യം

ഗാസ സിറ്റി: ഇസ്രയേല്‍ സൈന്യം ഗാസ സിറ്റിയെ പൂര്‍ണമായും വളഞ്ഞിരിക്കുന്നു. നാലുവശത്തു നിന്നും ആക്രമണം അഴിച്ചുവിടുന്നതിനൊപ്പം താമസക്കാര്‍ മുഴുവന്‍ ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയോട് ഹമാസ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഇതുവരെ വെളിവായിട്ടില്ല. പ്രതികരണത്തിന് ട്രംപ് അനുവദിച്ച സമയ പരിധി കഴിഞ്ഞിട്ടുമില്ല. എന്നിട്ടും ആക്രമണം അങ്ങേയറ്റം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം മുന്നേറുകയാണ്. ഗാസയില്‍ ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയെല്ലാം ഭീകരരായി മാത്രമേ കണക്കാക്കൂ എന്ന പ്രഖ്യാപനവും ഇസ്രയേല്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഗാസ സിറ്റി മുഴുവനായി എത്രയും വേഗം പിടിച്ചെടുക്കാനാണ് ഇസ്രയേലിന്റെ നീക്കം. ഇതിന്റെ ഭാഗമായി നഗരത്തിലേക്കുള്ള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. പുറത്തേക്കു പോകുന്നവരെ കടത്തിവിടാനായി ഇസ്രയേല്‍ പ്രത്യേക ചെക്ക്‌പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.