വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്നു പിടിച്ചെടുക്കാനുള്ള നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഐഎസ്‌ഐയുടെ കരങ്ങളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാനഡയിലും ഇംഗ്ലണ്ടിലുമാണ് സിഖ് ഗ്രൂപ്പുകള്‍ക്കു പിന്നില്‍ വ്യക്തമായ സ്വാധീനത്തോടെ പാക്കിസ്ഥാന്റെ ചാരസംഘടന പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ നേരിട്ട തിരിച്ചടിക്കു മനശാസ്ത്രപരമായ പകരംവീട്ടലാണേ്രത ഇതിലൂടെ പാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ കോണ്‍സുലേറ്റ് പിടിച്ചെടുക്കുന്നതു പോലെയുള്ള വലിയ പ്രഖ്യാപനങ്ങളാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് മുഴക്കുന്നതെങ്കിലും അതിന് കാര്യമായ പ്രാധാന്യമൊന്നു കൊടുക്കേണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ തീരുമാനം എന്നറിയുന്നു. മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി ഇത്തരം വലിയ വാര്‍ത്തകള്‍ ഇവര്‍ പ്രഖ്യാപിക്കാറുള്ളതാണെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഒന്നും സംഭവിക്കാറില്ലെന്നുമാണ് സുരക്ഷാ ഏജന്‍സികളുടെ അനുഭവം. കാനഡയ്ക്കുള്ളില്‍ ഖലിസ്ഥാന്‍ രൂപീകരിക്കുമെന്നായിരുന്നു മുമ്പൊരിക്കല്‍ ഇക്കൂട്ടരുടെ പ്രഖ്യാപനം. എന്നാല്‍ അതൊക്കെ വിശേഷാല്‍ ഒരു പ്രതികരണവും ഉളവാക്കാതെ കടന്നു പോകുകയാണ് ചെയ്തത്. കോണ്‍സുലേറ്റ് പിടിച്ചെടുക്കലും അതുപോലെ വലിയവായിലുള്ള വര്‍ത്തമാനം മാത്രമായി കണക്കാക്കാനാണ് അധികൃതര്‍ക്കു താല്‍പര്യം. മൂന്നു തരത്തിലാണ് ഖലിസ്ഥാനെ ഐഎസ്‌ഐ ഇന്ത്യയ്‌ക്കെതിരായി ഉപയോഗിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കുമെതിരേ ഭീഷണി മുഴക്കുക, സോഷ്യല്‍ മീഡിയയില്‍ ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങള്‍ ആവുന്നത്ര പ്രോത്സാഹിപ്പിക്കുക, അടുത്തയിടെ നടന്ന ഖലിസ്ഥാന്‍ റഫറണ്ടം പോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് സവിശേഷ ശ്രദ്ധനല്‍കിപ്പോരുന്ന കാര്യങ്ങള്‍. കോണ്‍സുലേറ്റ് പിടിച്ചെടുക്കല്‍ പരിപാടിക്ക് വെറുമൊരു പ്രഖ്യാപന യുദ്ധത്തിനപ്പുറമുള്ള പ്രാധാന്യം ഇന്ത്യയോ കാനഡയോ നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കോണ്‍സുലേറ്റ് പിടിച്ചെടുക്കല്‍ ഐഎസ്‌ഐ പിന്തുണയോടെ, ഇത് വെറും പ്രസ്താവനാ യുദ്ധം മാത്രമെന്ന് റിപ്പോര്‍ട്ട്

