ഐഎസ് വധുക്കളുടെ തിരിച്ചുവരവ് സഖ്യകക്ഷികള്‍ ഇടയുന്നു

സിഡ്‌നി: ഐഎസ്‌ഐഎസ് വധുക്കളായി രാജ്യം വിട്ടവരെ തിരികെയെത്തിക്കാനും ഓസ്‌ട്രേലിയയില്‍ പുനരധിവസിപ്പിക്കാനും വേണ്ടി അതീവ രഹസ്യമായി നടത്തുന്ന നീക്കങ്ങളില്‍ ഓസ്‌ട്രേലിയയിലെ സഖ്യകക്ഷി ഗവണ്‍മെന്റില്‍ ഭിന്നത വളരുന്നു. സഖ്യകക്ഷികളിലെ പല പ്രമുഖ നേതാക്കളും ഇത്തരം നീക്കങ്ങള്‍ക്കെതിരേ പരസ്യമായി രംഗത്തു വരുന്നു. സിറിയയിലെ ഐഎസ് ക്യാമ്പുകളില്‍ നിന്ന് ഓസ്‌ട്രേലിയക്കാരായ ഒരു ഡസനിലധികം സ്ത്രീകളെയും കുട്ടികളെയും യുവാക്കളെയും പുറന്തള്ളിയതായും അവരെ തിരികെ എന്‍എസ്ഡബ്ല്യുവിലേക്കും വിക്ടോറിയയിലേക്കും ക്രിസ്മസിനു മുമ്പ് തിരികെയെത്തിച്ച് പുനരധിവസിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ദി ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നീക്കത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഈ വാര്‍ത്തയില്‍ പറയുന്നതു പോലെ വിധ്വംസക സ്വഭാവമുള്ള സംഘത്തിന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് സഹായമെത്തിക്കുന്നില്ലെന്നാണ് ഇതു സംബന്ധിച്ച് ടോണി ബുര്‍ക്കിന്റെ വക്താവ് പിന്നീട് വ്യക്തമാക്കിയത്. അദ്ദേഹം പറയുന്നതനുസരിച്ച് ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനു പരിമിതികളേറെയാണ്. സിറിയയില്‍ നിലനില്‍ക്കുന്ന അപായകരമായ സുരക്ഷാ സാഹചര്യങ്ങളാണ് അതിനു കാരണം.
അതേസമയം സഖ്യകക്ഷികള്‍ മാധ്യമറിപ്പോര്‍ട്ടുകളോട് പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ആശയപരമായി ശരിയല്ലാത്ത കാഴ്ചപ്പാടുള്ളവരെ തിരികെ രാജ്യത്തേക്കു പ്രവേശിപ്പിച്ചു കൂടാ എന്ന കടുത്ത നിലപാടാണ് പലരും പ്രകടിപ്പിക്കുന്നത്. ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം രാജ്യത്തെ സുരക്ഷിതമായി സംരക്ഷിക്കുകയാണ്. ഇപ്പോള്‍ തിരികെയെത്തിക്കുമെന്നു പറയപ്പെടുന്നവരുടെ ആശയപരമായ കാഴ്ചപ്പാട് ഓസ്‌ട്രേലിയയുടെ മുഖ്യധാരാ കാഴ്ചപ്പാടിനോടു യോജിക്കുന്നതല്ലെന്ന് നാഷണല്‍സ് നേതാവ് ഡേവിഡ് ലിറ്റില്‍ പ്രൗഡ് പറയുന്നു. വിദ്വേഷത്തിന്റെ ആശയങ്ങള്‍ തിരികെ ഈ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് അനുവദിച്ചുകൂടാ. ഇവിടെ നിന്നു പുറപ്പെട്ട് എത്തിയിടത്ത് സുരക്ഷിതത്വം ലഭിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെങ്കില്‍ കൂടി അവര്‍ അവിടെ തന്നെ തുടര്‍ന്നേ മതിയാകൂ. ലിറ്റില്‍ പ്രൗഡ് അഭിപ്രായപ്പെടുന്നു.