കൊച്ചി: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ ജോലിക്കെത്തുന്നവര്‍ക്കെല്ലാം ഒരൊറ്റ വിളിപ്പേരേയുള്ളൂ-ഭായിമാര്‍. ഓണത്തിനിനിയും മാസം ഒന്നു കൂടിയുണ്ടെങ്കിലും ഈ ഭായിമാരെല്ലാം കൂട്ടത്തോടെ സ്വന്തം നാട്ടിലേക്കു വണ്ടി വിടുകയാണ്. ഇങ്ങനെയുമൊരു ഓണം-ഭായി കണക്ഷനോ എന്ന് അന്വേഷിച്ച പോലീസിനു മനസിലായത് വല്ലാത്തൊരു കണക്ഷന്റെ കഥയാണ്.
ഓണം വിപണിയെന്നാല്‍ കഞ്ചാവിന്റെ വിപണി കൂടിയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഫ്‌ളൈറ്റില്‍ പോയാലും നഷ്ടമില്ല, ലാട്ടറിയടിക്കുന്ന ലാഭമാണ് ലഭിക്കുന്നത്. സ്വന്തം നാട്ടില്‍ കിലോയ്ക്ക് രണ്ടായിരമോ മൂവായിരമോ കൊടുത്താല്‍ കിട്ടുന്ന കഞ്ചാവ് ഇവിടെയെത്തിച്ചാല്‍ കിലോയ്ക്ക് നാല്‍പതിനായിരത്തിനു മുകളിലാണിപ്പോള്‍ മാര്‍ക്കറ്റ്. ഈ കൊള്ളലാഭത്തിന്റെ സാധ്യതയാണിവരെ നാട്ടിലേക്കു വച്ചുപിടിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓണത്തിന് വന്‍തോതില്‍ അന്യസംസ്ഥാന കഞ്ചാവ് എത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പ് കഞ്ചാവു കച്ചവടത്തിലേര്‍പ്പെട്ട ഭായിമാരൊക്കെ എക്‌സൈസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലാണിപ്പോള്‍. സ്വയം കളത്തിലിറങ്ങുന്നതിനു പകരം മറ്റുള്ളവരെ കൊണ്ട് സാധനം കടത്തിക്കുക എന്ന തന്ത്രമാണിപ്പോള്‍ ഇവര്‍ പ്രയോഗിക്കുന്നത്. അതതു പ്രാദേശിക ഭാഷകളിലെ പരിചയക്കുറവാണ് ഇവരെ വേണ്ട രീതിയില്‍ പിന്തുടരുന്നതില്‍ പോലീസിനു മുന്നില്‍ തടസമാകുന്നത്.
ഒഡിഷ, ജാര്‍ഘണ്ഡ്, അസം, ഛത്തീസ്ഗഡ്, ബീഹാര്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടെ കഞ്ചാവ് കൂടുതലായെത്തുന്നത്. തൊഴിലാളികള്‍ക്കിടയിലും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഏറെയാണ്. അവിടങ്ങളില്‍ കഞ്ചാവ് തോട്ടങ്ങള്‍ പോലും ഏറെയാണ്. റോഡരികില്‍ പോലും അങ്ങിങ്ങ് പൂത്തു നില്‍ക്കുന്ന കഞ്ചാവ് ചെടികള്‍ കാണാന്‍ കഴിയുന്നതേയുള്ളൂ. അതിനു കേരളത്തിലുള്ള വിപണന സാധ്യത അന്യസംസ്ഥാന തൊഴിലാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. മലയാളികള്‍ എക്‌സൈസിന്റെയും മറ്റും പിടിയിലാകുമ്പോള്‍ ലഭിക്കുന്നത് വളരെ ചെറിയ അളവിലുള്ള കഞ്ചാവാണെങ്കില്‍ അന്യസംസ്ഥാനക്കാരില്‍ നിന്നു പിടിക്കുന്നത് പലപ്പോഴും കിലോക്കണക്കിനാണ്. കേരളത്തിലേക്കു വന്നെത്തുന്ന കഞ്ചാവില്‍ പത്തു ശതമാനം പോലും പിടിക്കപ്പെടുന്നില്ലെന്നതാണ് വലിയൊരു യാഥാര്‍ഥ്യം.
ഓണവും ഭായിമാരും ഇങ്ങനെയൊരു കണക്ഷനോ
