സിഡ്നി: ലോകം ഇന്നു നേരിട്ടേക്കാവുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് പ്രത്യുല്പാദന നിരക്കിലെ ഇടിവാണെന്ന് എസ്ബിഎസ് ന്യൂസ് പോഡ്കാസ്റ്റ് വെളിപ്പെടുത്തുന്നു. ലോകവ്യാപകമായി പ്രത്യുല്പാദന നിരക്കില്‍ ഇടിവു വന്നുകൊണ്ടിരിക്കുകയാണ്. ഓരോ തലമുറയ്ക്കും തങ്ങള്‍ക്കു ശേഷം അത്രയും ജനത ഭൂമുഖത്ത് ശേഷിക്കുന്നുവെന്ന് ഉറപ്പാക്കണമെങ്കില്‍ ഓരോ സ്ത്രീയും ശരാശരി 2.1 എന്ന നിരക്കില്‍ പിറവിക്കു കാരണമാകണം. എന്നാല്‍ ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും ഈ നിരക്കിനെക്കാള്‍ വളരെ താഴ്ന്ന പ്രസവ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ മൈക്കല്‍ ജിയാറുസോ എസ്ബിഎസിന്റെ വണ്‍ ഓണ്‍ വണ്‍ എന്ന പോഡ്കാസ്റ്റ് പരമ്പരയില്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയത്.
ജനസംഖ്യയിലെ ഇടിവ് ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നീടതിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരിക്കുമെന്ന് അദ്ദേഹം സൂചന നല്കുന്നു. ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ പതിയേണ്ട സമയമാണിത്. ഇതുവരെ ജനപ്പെരുപ്പമായിരുന്നു പ്രശ്നമെങ്കില്‍ ഇനി ഡീപോപ്പുലേഷനായിരിക്കും അടുത്ത ഏതാനും ദശകങ്ങള്‍ക്കു ശേഷം പ്രശ്നമാകുക. ഈ ഭൂഗോളത്തില്‍ ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നാം എല്ലാം. എങ്ങനെയാണ് ഈ പ്രശ്നത്തിന്റെ പരിഹാരത്തിനുള്ള പരിശ്രമം ഉണ്ടാകേണ്ടതെന്ന് ആര്‍ക്കും പറഞ്ഞു തരാന്‍ സാധിച്ചെന്നു വരില്ല. അടുത്ത നൂറ്റാണ്ടില്‍ അമേരിക്കയ്ക്ക് എത്ര ഡോക്ടര്‍മാരെയും എത്ര നഴ്സുമാരെയും എത്ര അധ്യാപകരെയും ആവശ്യമായി വരുമെന്നു പറയാന്‍ സാധിക്കില്ല. ജനനനിരക്കിലെ ഇടിവ് പരിഹരിക്കുന്നതിന് എന്താണു മാര്‍ഗമെന്നു പറഞ്ഞു തരാന്‍ ആര്‍ക്കും സാധിക്കില്ല. ഒരു കുടുംബം സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നിരിക്കിലും ഡീപോപ്പുലേഷന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് കുടുംബങ്ങള്‍ കൂടിയേ തീരൂവെന്ന് മൈക്കിള്‍ ജിയാറുസോ അഭിപ്രായപ്പെടുന്നു.
ആളില്ലാ നാളുകളിലേക്കോ ലോകത്തിന്റെ പോക്ക്
