ഇരിട്ടിയിലൊരു വീടിന്റെ അടുക്കളയില്‍ വിളിക്കാതെ വന്ന അതിഥി

കണ്ണൂര്‍: മലയോര മേഖലയായ ഇരിട്ടിയില്‍ ഇന്നലെ വന്ന അതിഥി മണിക്കൂറുകളോളം വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയിലാണ് നിര്‍ത്തിയത്. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ ആടുക്കളയില്‍ ഒരു രാജവെമ്പാലയെ പാതകത്തിന്റെ തട്ടിനു താഴെയായി കണ്ടെത്തുകയായിരുന്നു. ആരെയും ഉപദ്രവിച്ചില്ലെങ്കിലും ആള്‍ പൂര്‍ണ വളര്‍ച്ചയെത്തിയ രാജവെമ്പാലയാണല്ലോ. എല്ലാവരുടെയും സമാധാനം അതോടെ നഷ്ടമായി.
പാമ്പുകളെ കാണുന്നിടത്ത് സന്നദ്ധ പ്രവര്‍ത്തനവുമായെത്തുന്ന മാര്‍ക്ക് എന്ന സംഘടനയുടെ പ്രവര്‍ത്തകരെ ആരോ വിളിച്ചു വിവരം പറഞ്ഞു. അവര്‍ പാമ്പു പിടുത്തത്തിനുള്ള ഉപകരണങ്ങളും നീളന്‍ ചാക്കുമൊക്കെയായി വന്ന് അനായാസം അതിഥിയെ ബന്തവസാക്കി. പിന്നീട് പാമ്പിനെ വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. വനത്തോടു ചേര്‍ന്നാണ് ജോസിന്റെ വീട്. അതിനാല്‍ വനത്തില്‍ നിന്ന് ഇറങ്ങി വന്നതായിരിക്കും പാമ്പെന്നാണ് എല്ലാവരും കരുതുന്നത്. ഉള്‍വനത്തില്‍ മാത്രം വസിക്കുന്ന പാമ്പുകളാണ് രാജവെമ്പാലകളെന്നാണ് പൊതുവേ പറയപ്പെടുന്നത്.