ഇറാന്‍ കറന്‍സിയില്‍ അറ്റകൈക്ക് പൂജ്യം വെട്ടിക്കളി

ടെഹ്‌റാന്‍: അനിയന്ത്രിതമായ പണപ്പെരുപ്പവും കറന്‍സിയുടെ മൂല്യശോഷണവും കൊണ്ട് ചക്രശ്വാസം വലിക്കുന്ന ഇറാന്‍ കരകയറാന്‍ കുറുക്കുവഴികള്‍ തേടുന്നു. സ്വന്തം കറന്‍സിയായ റിയാലിന്റെ മൂല്യം സ്വയം കുറയ്ക്കുന്നതാണ് ഏറ്റവും ഒടുവിലായി കൈക്കൊണ്ടിരിക്കുന്ന പ്രതിവിധി. റിയാലില്‍ നിന്നു നാലു പൂജ്യം വെട്ടിമാറ്റുന്നതിനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. അതായത് പതിനായിരം രൂപയുടെ റിയാലിന് ഇനി ഒരു റിയാലിന്റെ മൂല്യമായിരിക്കും ഉണ്ടായിരിക്കുക. ലോകത്തു തന്നെ അപൂര്‍വമായ കടുത്ത നടപടിയാണ് ഇറാന്‍ കൈക്കൊണ്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
റിയാലിന്റെ പുനര്‍മൂല്യ നിര്‍ണയമെന്ന കടുംവെട്ട് പരിപാടിക്ക് പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി കഴിഞ്ഞു. ഇനി രണ്ടു കടമ്പകള്‍ കൂടിയാണ് മുന്നിലുള്ളത്-പാര്‍ലമെന്റിന്റെ അംഗീകാരവും ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അനുമതിയും. അതും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷ. തല്‍ക്കാലം കറന്‍സിയുടെ പേരില്‍ മാറ്റമൊന്നുമില്ല. റിയാല്‍ എന്ന പേരില്‍ തന്നെ കറന്‍സി ഇനിയും അറിയപ്പെടും. നിലവിലെ നിരക്ക് പ്രകാരമാണെങ്കില്‍ ഒരു യുഎസ് ഡോളറിന് 9.2 ലക്ഷം ഇറാനിയന്‍ റിയാല്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ പുനര്‍ മൂല്യ നിര്‍ണയം നടപ്പാക്കിയാലും ഡോളറുമായുള്ള വിനിമയ നിരക്കില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഇതു നടപ്പാക്കുന്നവര്‍ക്കു പോലുമില്ല എന്നതാണ് വാസ്തവം.
ഓരോ ചെറിയ ഇടപാടുകള്‍ക്കു പോലും വളരെ കൂടിയ അളവില്‍ റിയാല്‍ ഉപയോഗിക്കേണ്ടി വന്നിരുന്നതായിരുന്നു ഇറാനു മുന്നിലുള്ള മറ്റൊരു വലിയ പ്രശ്‌നം. അനവധി പൂജ്യങ്ങളോടു കൂടിയ തുകകള്‍ സ്ഥിരമായി രേഖപ്പെടുത്തേണ്ടി വരുന്നതു നിമിത്തം അക്കൗണ്ടിങ് ഇടപാടുകള്‍ ഏറെ ദുഷ്‌കരമായി മാറിയിരുന്നു. ആ പ്രശ്‌നങ്ങള്‍ക്ക് പുതിയ തീരുമാനത്തോടെ പരിഹാരമുണ്ടാകും. എന്നാലും ഡോളറുമായുള്ള വിനിമയ നിരക്കാണ് ഒഴിയാതെ ശേഷിക്കുക.