ഐപിഎല്‍ പ്രീമിയം സ്‌പോര്‍ട്‌സ് മത്സരം, ജിഎസ്ടി നിരക്ക് മേല്‍ത്തട്ടു കയറുന്നു

ന്യൂഡല്‍ഹി: ജിഎസ്ടിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുമാറ്റം ഇന്ത്യയുടെ സ്റ്റാര്‍ സ്‌പോര്‍ട്ടിങ് ഇവന്റായ ഐപിഎലിനു ക്ഷീണം വരുത്തുമോയെന്ന ആശങ്കയില്‍ അധികൃതര്‍. സ്‌റ്റേഡിയത്തില്‍ വന്നു കണ്‍മുന്നില്‍ മത്സരം കാണുന്നതിന്റെ ചെലവ് ഉയരുമെന്നുറപ്പ്. ഐപിഎലിന്റെ ടിക്കറ്റ് നിരക്കുകള്‍ ഏറ്റവും ഉയര്‍ന്ന സ്ലാബിലേക്കായിരിക്കും ഇനി ഉയരുക.
പ്രീമിയം സ്‌പോര്‍ട്‌സ് ഇവന്റുകള്‍ക്ക് ബാധകമായ ജിഎസ്ടി നിരക്കുകള്‍ 28 ശതമാനത്തില്‍ നിന്ന് 40 ശതമാനത്തിലേക്കാണിനി ഉയരുക. ഐപിഎലിനേയും കാസിനോകള്‍ക്കും റേസ് ക്ലബ്ബുകള്‍ക്കുമൊപ്പം ഉയര്‍ന്ന നികുതിസ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ടിക്കറ്റിനും പന്ത്രണ്ടു ശതമാനം ജിഎസ്ടി കൂടുന്നതാണ് ഇതിന്റെ ഫലം. ഉദാഹരണത്തിന് ആയിരം രൂപ നിരക്കുണ്ടായിരുന്ന ടിക്കറ്റിന് ഇനി നാനൂറു രൂപ ജിഎസ്ടിയായി നല്‍കേണ്ടിവരും. ഐപിഎലുകള്‍ക്കു മാത്രമല്ല, ഉയര്‍ന്ന മൂല്യമുള്ള മറ്റു കായിക മത്സരങ്ങള്‍ക്കും ഇതേ നികുതി നിരക്കു തന്നെയായിരിക്കും ബാധകമാകുക. ടിക്കറ്റ് നിരക്കുകള്‍ക്കു പുറമെയാണ് സ്റ്റേഡിയം സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സേവനസൗകര്യത്തിനും തുക ഈടാക്കുക. അവയ്ക്കും ഉയര്‍ന്ന ജിഎസ്ടി നിരക്കു തന്നെയായിരിക്കും ബാധകമാകുക. പ്രോ കബഡി ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയവയെയും പ്രീമിയം സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ തന്നെയായി കണക്കാക്കുകയാണെങ്കില്‍ അവയൊക്കെയും സ്‌റ്റേഡിയത്തില്‍ ചെന്നിരുന്നു കാണുന്നതിന് ഇനി ഉയര്‍ന്ന തുക നല്‍കേണ്ടി വരും.