മുംബൈ: ആപ്പിളിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്നതിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉയര്‍ത്തിയ എതിര്‍പ്പ് നിലനില്‍ക്കെത്തന്നെ ഇന്ത്യയില്‍ നിന്നുള്ള ഫോണ്‍ കയറ്റുമതിയുടെ മുക്കാല്‍ പങ്കും സ്വന്തമാക്കി ആപ്പിള്‍. ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണക്കച്ചവടം തീരെ പിടിക്കാതിരുന്ന ട്രംപ് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ അമ്പതു ശതമാനമായി ഉയര്‍ത്തിയതിനു പുറമെയായിരുന്നു ഇവിടെ ഉല്പാദനയൂണിറ്റുകള് ആരംഭിച്ച അമേരിക്കന്‍ കമ്പനികളോട് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതും. ഇതിനിടയിലും ഇന്ത്യയിലെ വ്യാപാര ബന്ധങ്ങള്‍ ദൃഢമായി മുന്നോട്ടു കൊണ്ടുപോയതാണ് ആപ്പിളിനു ഗുണകരമായി മാറിയത്. മറ്റു കമ്പനികള്‍ക്കും ഇനി ആപ്പിളിന്റെ മാതൃകയില്‍ താല്പര്യമുണ്ടാകുകയാണെങ്കില് അത് ഇന്ത്യയ്ക്കു ഗുണകരമായി മാറും.
ആപ്പിളിനു പുറമെ മറ്റു സ്മാര്‍ട്ട് ഫോണുകളുടെയും കയറ്റുമതിയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഫോണുകളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട ഇളവുകള്‍ ഇന്ത്യ നല്‍കുന്നതും ഇക്കാര്യത്തില്‍ പ്രയോജനപ്രദമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതി പിന്നിടാനൊരുങ്ങുമ്പോള്‍ ഫോണ്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഒരുലക്ഷം കോടി കടന്നിരിക്കുകായാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 64500 കോടി രൂപയുടെ ഫോണുകള്‍ മാത്രമായിരുന്നു കയറ്റി അയയ്ക്കാന്‍ സാധിച്ചിരുന്നത്. ആപ്പിളിന്റെ ഐഫോണിന്റെ മാത്രം കയറ്റുമതി മൂല്യം പോലും കഴിഞ്ഞ വര്‍ഷത്തെ മൊത്തം കയറ്റുമതിയെക്കാള്‍ കൂടുതലാണ്. 75000 കോടി രൂപയുടെ ഐഫോണുകളാണ് നിര്‍മാണ കരാര്‍ എടുത്തിരിക്കുന്ന ഫോക്സ്ഫോണും ടാറ്റയും ചേര്‍ന്ന് കയറ്റി അയച്ചിരിക്കുന്നത്.
അഞ്ചു മാസത്തിനിടെ ഇന്ത്യയില്‍ നിന്നു കടല്‍ കടന്നത് 75000 കോടിയുടെ ഐഫോണ്‍

