ഹൂസ്റ്റണ്‍: കാന്‍സര്‍ ചികിത്സയില്‍ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ക്കൊപ്പം ഒരു മലയാളി യുവതിയുടെ പേരും ലോകം ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. നാനോ സാങ്കേതികവിദ്യയിലൂടെ കാന്‍സറിനു കാരണമാകുന്ന കോശങ്ങളെ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ദിശയിലുള്ള ഗവേഷണങ്ങളില്‍ ലോകം ഏറെ മുന്നോട്ടു പോയിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഈ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന യന്ത്രങ്ങളുടെ കുറവാണ് ഒരു പ്രശ്‌നമായി ശേഷിച്ചിരുന്നത്. ഇക്കാര്യത്തിലാണ് തിരുവനന്തപുരം സ്വദേശിയും അമേരിക്കയില്‍ ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളജ് ഓഫ് മെഡിനിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയുമായ ജലധര ശോഭനന്റെ കണ്ടെത്തലുകള്‍ക്ക് പ്രാധാന്യം കൈവരുന്നത്.
വെറും അരമീറ്ററില്‍ താഴെ മാത്രം വലുപ്പം വരുന്നൊരു യന്ത്രമാണ് ഇക്കാര്യത്തിനായി ജലധര വികസിപ്പിച്ചിരിക്കുന്നത്. കാന്‍സര്‍ രോഗമുണ്ടെന്നു സംശയിക്കുകയോ രോഗാവസ്ഥയിലായിരിക്കുകയോ ചെയ്യുന്നയാളിന്റെ ശരീരത്തിലേക്ക് കടത്തി വിടുന്ന നാനോ ഘടകങ്ങളില്‍ നിന്നു കൃത്യമായ ചിത്രങ്ങള്‍ രൂപപ്പെടുത്തുക, അഥവാ ഇമേജിങ് നടത്തുക എന്നതാണ് യന്ത്രത്തിന്റെ ദൗത്യം. നാനോ ഘടകങ്ങള്‍ വികസിപ്പിക്കുന്നതും അവയ്ക്ക് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സമ്പ്രദായങ്ങള്‍ വികസിപ്പിക്കുന്നതും മെഡിക്കല്‍ രംഗത്തെ ഗവേഷകര്‍ വര്‍ഷങ്ങളായി ചെയ്തു പോരുന്നതാണ്. എന്നു മാത്രമല്ല, ഈ മേഖലയില്‍ അമേരിക്കയിലെ ഗവേഷണങ്ങള്‍ ഫലപ്രാപ്തിയോടടുക്കുകയുമാണ്. ആകെ ഗവേഷകര്‍ നോക്കിയിരുന്നത് ഈ സാങ്കേതിക വിദ്യയില്‍ ഏറ്റവും ഫലപ്രദമായി വിശകലനം സാധിക്കുന്ന യന്ത്രത്തെയാണ്. ആ മേഖലയിലാണ് ജലധര കൈവച്ചതും ഇപ്പോള്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതു.ം
ഫോട്ടോ സെന്‍സിറ്റൈസര്‍ എന്ന രാസഘടകവും അള്‍ട്രാ സെന്‍സിറ്റിവ് ഓക്‌സിജന്‍ സെന്‍സറും എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് നാനോ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്നത്. ഇവ രണ്ടും സംയുക്തമായി പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണ മനുഷ്യകോശങ്ങള്‍ക്കു ഹാനികരമായ സിംഗ്ലറ്റ് ഓക്‌സിജന്‍ എന്ന ഘടകത്തെ ഉല്‍പാദിപ്പിക്കുകയും അത് അര്‍ബുദ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. എന്നാല്‍ സിംഗ്ലറ്റ് ഓക്‌സിജന് രോഗകോശം ഏത്, നല്ല കോശം ഏതെന്നു കൃത്യമായി നിശ്ചയിച്ച് കോശഹത്യ നടത്തണമെങ്കില്‍ അതിനു പൂര്‍ണമായി യോജിക്കുന്ന യന്ത്രസംവിധാനം ആവശ്യമാണ്. അതാണ് ജലധര ഉള്‍പ്പെട്ട ഗവേഷകരുടെ സംഘം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു കൃത്യമായി രോഗകോശങ്ങളെ മാത്രം കണ്ടെത്തി നല്‍കാനാകും. രക്തത്തില്‍ കേവലം പത്തില്‍ താഴെ മാത്രമാണ് രോഗ കോശങ്ങളെങ്കിലും ഈ യന്ത്രത്തിന് അവയെ കണ്ടെത്താനാവും.
ഈ കണ്ടെത്തലിന് ജപ്പാനിലെ ഫോട്ടോ കെമിസ്ട്രി അസോസിയേഷന്‍ മികച്ച കണ്ടെത്തലിനുള്ള പുരസ്‌കാരം നല്‍കി ജലധരയെ ആദരിച്ചിട്ടുമുണ്ട്. ജലധരയുടെ പിഎച്ച്ഡി ഗവേഷണവും ഇതേ മേഖലയില്‍ തന്നെയായിരുന്നു ജപ്പാനിലെ ഹൊക്കൈഡോ സര്‍വകലാശാലയില്‍ പൂര്‍ത്തിയാക്കിയത്. അതിനു ശേഷമാണ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് ഈ മുപ്പത്തൊന്നുകാരി പ്രവര്‍ത്തന മണ്ഡലം മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം കേശവദാസപുരം കൊല്ലവിള സ്വദേശിയും എയര്‍ഫോഴ്‌സിലെ മുന്‍ ഉദ്യോഗസ്ഥനുമായ ശോഭനന്റെയും ബീനയുടെയും മകളാണ് ജലധര.
കാന്‍സറിനോടു പൊരുതാന്‍ നാനോയെങ്കില്‍ നാനോയ്ക്കു തുണയേകാന്‍ ജലധര
