സുഡാനിലെ ഡാര്‍ഫര്‍ മേഖലയില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തിയ ആക്രമണത്തില്‍ മേഖലയിലെ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രവും പരാജിതമായശേഷം അവിടെ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂട്ടക്കൊലയെയും ലൈംഗികാതിക്രമങ്ങളെയും പറ്റി അന്വേഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂഷന് തീരുമാനിച്ചു. യു.എന്‍. മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 36000ത്തിലധികം പേര് അവിടെനിന്നു പലായനം ചെയ്തതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും അന്വേഷണം പ്രഖ്യാപിച്ചത്.
തങ്ങളുടെ അംഗരാഷ്ട്രങ്ങളായ 125 രാജ്യങ്ങളില്‍ യുദ്ധകുറ്റകൃത്യങ്ങളോ മനുഷ്യാവകാശലംഘനപരമായ കുറ്റങ്ങളോ കൂട്ടക്കൊലയോ നടന്നാലോ, യു.എന്‍. സുരക്ഷാകൗണ്‍സില്‍ ആവശ്യപ്പെട്ടാലോ, ഹേഗിലുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കേസെടുക്കാന്‍ അവകാശമുണ്ട്. സുഡാനില്‍, യു.എന്‍. സുരക്ഷാകൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം 2005 മുതല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം നടത്തുന്നുണ്ട്.
അവിടെനിന്നു രക്ഷപെടാന്‍ ശ്രമിക്കുന്ന പുരുഷന്മാരെ തങ്ങളുടെ കുടുംബങ്ങളില്‍നിന്നു വേര്‍പെടുത്തുകയും കൊന്നുകളയുകയുമായിരുന്നെന്ന് രക്ഷപെട്ടു വന്നവര്‍ പറഞ്ഞു. ഇത് ഡാര്‍ഫര്‍ മേഖലയില്‍ മുന്‍പും നടന്നിട്ടുള്ളതിനു സമാനമായ കൂട്ടക്കൊലയാണ്. നഗരത്തില്‍ അകപ്പെട്ടുപോയതായി കരുതപ്പെടുന്ന രണ്ടുലക്ഷത്തോളം പേരുടെ അവസ്ഥയെപ്പറ്റിയും ഇനിയും അറിവില്ല.

