ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൃത്യമായ ദിശാബോധമില്ലാത്ത പ്രക്ഷോഭത്തിലൂടെ ഷേക്ക് ഹസീന സര്‍ക്കാരിനെ പുറത്താക്കാന്‍ കഴിഞ്ഞെങ്കിലും അതിനു ശേഷം എന്തെന്ന ചോദ്യം അന്നു മുതല്‍ ഉയരുന്നതായിരുന്നു. എന്നാല്‍ ഇടക്കാല സര്‍ക്കാര്‍ അനുദിന പ്രശ്‌നങ്ങളില്‍ നട്ടം തിരിയുകയാണെന്നും അതിനെ കൈകാര്യം ചെയ്യാന്‍ തക്ക രാഷ്ട്രീയ അനുഭവജ്ഞാനത്തിന്റെ അഭാവം എവിടെയും നിഴലിക്കുകയാണെന്നും കുറേനാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവിടെ നിന്നും ഒരു പടി കൂടി അവസ്ഥയാണിപ്പോള്‍. ഷേക്ക് ഹസീന സര്‍ക്കാരിനെ പുറത്താക്കാന്‍ കാരണമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ രണ്ടു നേതാക്കന്‍മാരോട് ഇടക്കാല മന്ത്രിസഭയില്‍ നിന്നു പുറത്തുപോകാന്‍ അധ്യക്ഷനായ മുഹമ്മദ് യൂനിസ് ആവശ്യപ്പെട്ടതോടെ പ്രതിസന്ധി ഗുരുതരമായിരിക്കുകയുമാണ്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെയും അവരുടെ മുന്‍ സഖ്യകക്ഷിയായ ജമാ അത്ത് ഇ ഇസ്ലാമിയുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇരുവരോടും രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് ഉപദേഷ്ടാവ് മഹ്ഫുജ് ആലമിനോടും തദ്ദേശ സ്വയംഭരണ ഉപദേഷ്ടാവ് ആസിഫ് മഹ്‌മൂദ് സോജിബ് ഭുയിയാനോടുമാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഉപദേഷ്ടാക്കളെന്നാണ് പേരെങ്കിലും ഇവരെല്ലം മന്ത്രിമാര്‍ തന്നെയാണ്. ബംഗ്ലാദേശ് സര്‍ക്കാരില്‍ മത മൗലിക വാദികള്‍ പിടിമുറുക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ഇവരോട് രാജി ആവശ്യപ്പെട്ട നടപടിയുമെന്ന് പറയപ്പെടുന്നു. യൂനിസിനും പ്രക്ഷോഭത്തിന്റെ നേതാക്കളായിരുന്ന ചെറുപ്പക്കാര്‍ക്കുമിടയില്‍ അകലം വര്‍ധിപ്പിക്കാനാണ് ഈ നടപടി ഫലത്തില്‍ സഹായിച്ചിരിക്കുന്നത്. അടുത്ത ഫെബ്രുവരിയോടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്റെ ഭാവിയെന്താകുമെന്ന കാര്യത്തില്‍ യൂനിസും ആശങ്കാകുലനാണ്. ഫലത്തില്‍ പ്രക്ഷോഭ നേതൃത്വത്തിന്റെ നിസഹകരണത്തിനും സ്വന്തം ഭാവി സംബന്ധിച്ച ആശങ്കയ്ക്കുമിടിയിലാണ് യൂനിസ് ഇപ്പോള്‍.

