ഇന്‍സ്റ്റഗ്രാം കൂടുതല്‍ ജനപ്രിയമാകാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ആപ്പില്‍ നിന്നു പുറത്തു കടക്കാതെ തന്നെ വീഡിയോകളും ഫോട്ടോകളും സ്‌റ്റോറിയിലൂടെ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന എഐ പവര്‍ ടൂള്‍ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ പുതിയതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനും മായ്ച്ചു കളയാനും നിലവിലുള്ള ദൃശ്യഘടകങ്ങളെ പരിഷ്‌കരിക്കാനും പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ക്രിയാത്മകമായി മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇതിന് ഉപയോക്താക്കളെ അനുവദിക്കുന്ന ടൂള്‍ റീസ്‌റ്റൈല്‍ മെനുവില്‍ പെയിന്റ് ബ്രഷിന് അടുത്തായി ലഭ്യമാക്കിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ.
നേരത്തെ തന്നെ മെറ്റ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നതാണെങ്കിലും എഐ ചാറ്റ്‌ബോട്ട് വഴി മാത്രമാണ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇനി ഈ ഫീച്ചര്‍ ആര്‍ക്കും ആപ്പില്‍ നിന്നുകൊണ്ടു തന്നെ ഉപയോഗിക്കാം. ഇപ്പോഴും ഈ ഫീച്ചര്‍ എഐ അധിഷ്ഠിതമാണെങ്കിലും ചാറ്റ്‌ബോട്ടിന്റെ സഹായമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും. ഇതുവഴി മുടിയുടെ നിറം മാറ്റുക, ആഭരണങ്ങള്‍ മാറ്റുക, പശ്ചാത്തലം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യാനാവും. പ്രീസെറ്റ് സ്റ്റൈലുകളുണ്ടെന്നു മാത്രമല്ല, സണ്‍ഗ്ലാസും ബൈക്കര്‍ ജാക്കറ്റും ഉള്‍പ്പെടെയുള്ള എഫക്ടുകളും ലഭ്യമാണ്.
മെറ്റ പറയുന്ന നിബന്ധനകള്‍ അംഗീകരിച്ചു മാത്രമേ ഈ പവര്‍ ടൂള്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കൂ. അതിന് ആദ്യമേ തന്നെ കണ്‍സന്റ് കൊടുക്കേണ്ടതുണ്ട്. ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള പ്രോംപ്റ്റുകളും മെറ്റ തന്നെയായിരിക്കും ലഭ്യമാക്കുക. കൗമാരക്കാരുടെ എഐ ഇടപെടലുകളും ചാറ്റുകളും നിയന്ത്രിക്കാനും നിരീക്ഷിക്കാനും മാതാപിതാക്കളെ അനുവദിക്കുന്ന പേരന്റല്‍ കണ്‍ട്രോളും ഇതിനൊപ്പം മെറ്റ ലഭ്യമാക്കിയിട്ടുണ്ട്.

