ഇന്‍ഫോസിസ് 17000 പുതിയ നിയമനങ്ങള്‍ക്ക്

ലോകമെമ്പാടും ഐടി മേഖലയില്‍ വന്‍തോതിലുള്ള പിരിച്ചുവിടലിനു കമ്പനികള്‍ ചുവടുവയ്ക്കുമ്പോള്‍ ഇന്‍ഫോസിസ് പ്രതീക്ഷയേകുന്നു. ഇക്കൊല്ലം ഇരുപതിനായിരത്തോളം പുതിയ നിയമനങ്ങള്‍ക്കു കമ്പനി തയാറെടുക്കുകയാണെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സലില്‍ പരേഖ് വെളിപ്പെടുത്തി.
അഭ്യസ്ത വിദ്യരായ സാങ്കേതിക വിദഗ്ധര്‍ക്ക് ഏറെ പ്രത്യാശ നല്‍കുന്ന ഈ തീരുമാനം പുറത്തു വന്നിരിക്കുന്നത് ടിസിഎസില്‍ നിന്നു കൂട്ടപ്പിരിച്ചുവിടലിന്റെ വാര്‍ത്തകള്‍ പുറത്തായതിനു തൊട്ടു പിന്നാലെയാണ്.
ലോകം മുഴുവന്‍ സേവനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്ന ഇന്‍ഫോസിസ് ടിസിഎസിനു തൊട്ടു പിന്നില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഐടി സ്ഥാപനമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലന്വേഷകര്‍ക്കു മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ തന്നെ ജീവനക്കാര്‍ക്ക് എഐയുടെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തിയുള്ള പുനര്‍പരിശീലനത്തിനും ഇന്‍ഫോസിസ് പദ്ധതികള്‍ തയാറാക്കി വരികയാണെന്ന് പരേഖ് അറിയിച്ചു. അതുപോലെ തന്നെ എഐയില്‍ പുതിയ മൂലധന നിക്ഷേപത്തിനും കമ്പനിക്കു പദ്ധതികളുണ്ട്.
ഇതര ഐടി കമ്പനികളില്‍ നിന്നു വ്യത്യസ്തമായി ഇന്‍ഫോസിസ് അടുത്തയിടെ ശമ്പള വര്‍ധനവും നടപ്പാക്കിയിരുന്നു. എന്നാല്‍ അടുത്തയിടെ ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തി ജീവനക്കാര്‍ ഓരോ ആഴ്ചയിലും എഴുപതു മണിക്കൂര്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണമെന്നു താല്‍പര്യപ്പെട്ടത് ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. ഈ നിലപാടിലും ഇപ്പോള്‍ ഏറെ അയവു വന്നിട്ടുണ്ട്. അടുത്തയിടെ ജീവനക്കാര്‍ക്ക് വ്യക്തിപരമായി കമ്പനിയില്‍ നിന്നും ലഭിച്ച ഇമെയില്‍ പ്രകാരം പ്രതിദിന ജോലി സമയം 9.15 മണിക്കൂര്‍ മാത്രമായി നിജപ്പെടുത്തണമെന്നും ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലനം നടപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.