എയര്‍ ഇന്ത്യ വിമാനത്തില്‍ അഗ്നിബാധ സൂചന, ടേക്ക്ഓഫിനു പിന്നാലെ തിരിച്ചറക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ പ്രശ്‌നങ്ങള്‍ വിടാതെ പിടികൂടിയിരിക്കുകയാണോ, ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നിന്നു മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കു പോകേണ്ട വിമാനം തീപിടുത്തത്തിന്റെ സൂചനകളെ തുടര്‍ന്ന് ഡല്‍ഹിയില്‍ തന്നെ തിരിച്ചിറക്കി. മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് പോകേണ്ട വിമാനത്തിന് സുരക്ഷാ പ്രശ്‌നം നേരിട്ടത്. ടേക്ക് ഓഫ് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു എഞ്ചിനുകളിലൊന്നില്‍ തീപിടുത്തത്തിനു സാധ്യതയുണ്ടെന്ന സൂചന ലഭിക്കുന്നത്. അതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി വിമാനം തിരികെ ലാന്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യയുടെ എഐ2913 വിമാനമാണ് പ്രശ്‌നത്തില്‍ പെട്ടത്.
വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും ആര്‍ക്കും അപായമൊന്നുമില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ പിന്നീട് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ക്കായി വിമാനം തല്‍ക്കാലം മാറ്റിയിരിക്കുകയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി ഇന്‍ഡോറിലേക്ക് അയയ്ക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവിള്‍ ഏവിയേഷന്‍ ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.