ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക വിമാന കമ്പനിയായ ഇന്‍ഡിഗോയും നഷ്ടത്തിന്റെ പാതയിലേക്ക് നീങ്ങുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്‍ഡിഗോയുടെ നഷ്ടം 2582 കോടി രൂപ. ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയാണ് ഇന്‍ഡിഗോയ്ക്ക് വിനയായതെന്നാണ് സൂചനകള്‍. ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള രണ്ടാം ക്വാര്‍ട്ടറില്‍ വരുമാനം 9.3 ശതമാനം ഉയര്‍ന്ന് 18555 കോടി രൂപയിലെത്തിയെങ്കിലും ലാഭക്ഷമത നിലനിര്‍ത്താനായില്ല. ക്രൂഡോയില്‍ വിലയിലെ കുറവും ഇന്‍ഡിഗോയ്ക്ക് കാര്യമായ തോതില്‍ ഗുണം ചെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക വിമാന കമ്പനിയായിരുന്നു ഇന്‍ഡിഗോ.
മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് ബജറ്റ് നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നതിനാല്‍ ഏറെ സ്വീകാര്യത കൈവരിക്കാന്‍ ഇന്‍ഡിഗോയ്ക്കു കഴിഞ്ഞിരുന്നതാണ്. ആഭ്യന്തര യാത്രയിലും അന്താരാഷ്ട്ര യാത്രയിലും ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ്‍ ഇവര്‍ക്കുള്ളത്. സമയ ക്ലിപ്തത കൃത്യമായി പാലിക്കുന്നതും ഇന്‍ഡിഗോയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു.
ഗള്‍ഫിലെ അവധിയും മറ്റും കണക്കാക്കി മറ്റു വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാറുണ്ടായിരുന്നെങ്കിലും ഇന്‍ഡിഗോ ആ രീതിയിലേക്കു പോയിരുന്നതുമില്ല. അതിനാല്‍ ഗള്‍ഫ് യാത്രക്കാരുടെ പ്രിയപ്പെട്ട വിമാന കമ്പനിയായി ഇവര്‍ മാറിയിരുന്നു. ഇപ്പോള്‍ നഷ്ടത്തിലേക്ക് കമ്പനി വീണു പോയതോടെ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.

