തേജസ് എംകെ1എ വിമാനങ്ങള്‍ കന്നിപ്പറക്കലിനു തയാറായി. ആദ്യ പറക്കല്‍ നാളെ നാസിക്കില്‍

നാസിക്: ഇന്ത്യയുടെ തദ്ദേശീയ യുദ്ധ വിമാന പദ്ധതിയിലെ നാഴികക്കല്ലായ തേജസ് എംകെ1എ യുദ്ധവിമാനം നാസിക്കില്‍ നിന്ന് നാളെ പറന്നുയരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോ ലിമിറ്റഡാണ് ഈ വിമാനം നിര്‍മിച്ചിരിക്കുന്നത്. എച്ച്എഎല്ലിന്റെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിനായുള്ള മൂന്നാമത്തെ പ്രൊഡക്ഷന്‍ ലൈനിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നാളെ നടക്കും.

എന്നാല്‍ ഗുരുതരമായൊരു പ്രതിസന്ധിയുടെ നടുവിലാണ് എച്ച്എഎല്‍ എന്നതിനാല്‍ പുതിയ നിര യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു കൈമാറുന്നതില്‍ ഇനിയും താമസം വരുമെന്ന ലക്ഷണമാണ്. ഇതിന്റെ എന്‍ജിനുകള്‍ അമേരിക്കയില്‍ നിന്നാണ് വരുന്നത്. ഇതുവരെ നാല് എന്‍ജിനുകള്‍ മാത്രമാണ് അമേരിക്ക കൈമാറിയിരിക്കുന്നത്. ഈ മാസാവസാനത്തോടെ രണ്ട് എന്‍ജിനുകള്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്‍ജിനുകളുടെ ലഭ്യത മുടക്കം കൂടാതെ ഉറപ്പാക്കാനായാല്‍ മാത്രമാണ് കൂടുതല്‍ വിമാനങ്ങള്‍ നിര്‍മിക്കാനും വ്യോമസേനയ്ക്കു കൈമാറാനും സാധിക്കുകയുള്ളൂ. എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. അങ്ങനെ പത്ത് വിമാനങ്ങളുടെ ഭാഗങ്ങള്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. അസ്ട്ര, ആസ്രാം മിസൈലുകളുടെ സംയോജനം ഉള്‍പ്പെടെയുള്ള പ്രധാന ആയുധ പരീക്ഷണങ്ങള്‍ക്ക് തേജസ് എംകെ1എ തയാറായിക്കഴിഞ്ഞു. 2029 അവസാനത്തിനു മുമ്പ് വ്യോമസേനയ്ക്ക് 83 വിമാനങ്ങള്‍ കൈമാറുന്നതിനുള്ള കരാറിലാണ് എച്ച്എഎല്‍ ഏര്‍പ്പെട്ടിരിക്കുന്നത്.