വേനല്‍ എത്തും മുമ്പേ നാട് തിളയ്ക്കാന്‍ തുടങ്ങി, കഴിഞ്ഞയാഴ്ച ലോക ചൂട് പില്‍ബറയില്‍

പില്‍ബറ: ഇക്കഴിഞ്ഞയാഴ്ച ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലമായി മാറിയത് ഓസ്‌ട്രേലിയയില്‍ മാര്‍ഡിയിലെ പില്‍ബറ സ്റ്റേഷന്‍. തിങ്കളാഴ്ച പില്‍ബറയിലെ ചൂട് 43.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. വേനല്‍ക്കാലം തുടങ്ങുന്നതിനു മുമ്പു തന്നെ ഓസ്‌ട്രേലിയ കടുത്ത ചൂടിലേക്കു നീങ്ങുന്നുവെന്നു മനസിലാക്കാന്‍ മറ്റൊരു കണക്കു കൂടി ആഗോളാടിസ്ഥാനത്തില്‍ ലഭ്യമായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് കഴിഞ്ഞ ഒരാഴ്ചയില്‍ അനുഭവപ്പെട്ട പതിനഞ്ചു സ്ഥലങ്ങളില്‍ അഞ്ചും ഓസ്‌ട്രേലിയയിലായിരുന്നു.

മറ്റു സ്ഥലങ്ങളിലേക്കാള്‍ ചൂട് പത്തു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിച്ചിട്ടും ഹീറ്റ് വേവിന്റെ മുന്നറിയിപ്പുകള്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ ഇറക്കാത്തതിനു കാരണം ഹീറ്റ് വേവ് അഥവാ ചൂടുകാറ്റ് എന്നു വിളിക്കുന്നതിന് ഉപയോഗിക്കുന്ന ഓസ്‌ട്രേലിയന്‍ മാനദണ്ഡങ്ങളിലെ പ്രത്യേകതയാണ്. രാത്രിയുടെയും പകലിന്റെയും ചൂടിന്റെ ശരാശരിയാണ് ഇതിനായി കണക്കാക്കുന്നത്. ഒരു വര്‍ഷത്തെ മൊത്തം താപനിലകളുടെ ശരാശരിയെക്കാള്‍ അഞ്ചു ശതമാനം മുകളില്‍ വന്നാല്‍ മാത്രമാണ് ഹീറ്റ് വേവിന്റെ മുന്നറിയിപ്പ് ഇറങ്ങുന്നത്.

ഒാസ്‌ട്രേലിയയിലെ നഗര മേഖലകളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് മാര്‍ബിള്‍ ബാറിലാണ്. 160 ദിവസം തുടര്‍ച്ചയായി ഇവിടെ രേഖപ്പെടുത്തിയത് 37.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്.