മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ കണ്ടാല്‍ മോഡി ഓഫ് മൂഡായില്ലെങ്കിലാണ് പ്രശ്‌നം

ന്യൂഡല്‍ഹി: ഈ മാസമാദ്യം ഇന്ത്യാ ടുഡേ നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം എന്‍ഡിഎയുടെയും പ്രധാനമന്ത്രിയുടെയും ഉറക്കം ചെറുതായെങ്കിലും കെടുത്തുന്നത്. മോദിക്കും മോദി നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഗവണ്‍മെന്റിനും ജനപ്രീതിയില്‍ ഇടിവാണ് മൂഡ് ഓഫ് ദി നേഷന്‍ എന്നു പേരിട്ടിരിക്കുന്ന സര്‍വേ രേഖപ്പെടുത്തുന്നത്. പുല്‍വാമയുടെയും മറ്റും വിജയത്തിന്റെ തിളക്കത്തിനിടയില്‍ നടത്തിയ സര്‍വേ പിന്നാക്കം പോകല്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇതിനു മുമ്പ് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ നടത്തിയിരുന്നത്. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം മികച്ചത് എന്ന് 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കില്‍ ഇത്തവണ അങ്ങനെ അഭിപ്രായപ്പെട്ടവരുടെ സര്‍വേ ശതമാനം 58 ആയി കുറഞ്ഞു. ആറു മാസത്തിനുള്ളില്‍ നാലു ശതമാനം ജനങ്ങള്‍ തങ്ങളുടെ ചിന്താഗതി തിരുത്തിയെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഇതേ ട്രെന്‍ഡ് തന്നെയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനം സംബന്ധിച്ചുമുള്ളത്. ഫെബ്രുവരിയില്‍ 62.1 ശതമാനം ആള്‍ക്കാര്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം മികച്ചാതാണെന്നു പറഞ്ഞുവെങ്കില്‍ ഇത്തവണ അങ്ങനെ അഭിപ്രായപ്പെട്ടത് 52.4 ശതമാനം മാത്രം. അതായത് പത്തു ശതമാനത്തിന്റെ കുറവ്. അതിലേറെ ഗവണ്‍മെന്റിനെ അലോസരപ്പെടുത്തുന്ന കാര്യം വേറൊരു 15.3 ശതമാനം ആള്‍ക്കാര്‍ ഗവണ്‍മെന്റിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയാനില്ല എന്നു വെളിപ്പെടുത്തിയതാണ്. ഇത്രയും പേര്‍ നെഗറ്റിവ് ആയ അഭിപ്രായം മറച്ചു വച്ചതാണെങ്കില്‍ ഗവണ്‍മെന്റിന് എതിരേ ചിന്തിക്കുന്നവര്‍ 25 ശതമാനത്തിലേക്കുയരുന്നു. ഫെബ്രുവരിയില്‍ 8.6 ശതമാനം ആള്‍ക്കാര്‍ മാത്രമാണ് അഭിപ്രായം തുറന്നു പറയുന്നതിന് വിമുഖത കാട്ടിയിരുന്നത്.
കഴിഞ്ഞ സര്‍വേയില്‍ 36.1 ശതമാനം ഭരണത്തില്‍ പൂര്‍ണതൃപ്തരായിരുന്നെങ്കില്‍ ഇത്തവണ അവരുടെ എണ്ണം 23.8 ശതമാനമായും താഴ്ന്നു. മോദിയുടെ പ്രകടനം ശരാശരിയെന്ന് അഭിപ്രായപ്പെടുന്നവര്‍ 12.7 ശതമാനം, മോശമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ 12.6 ശതമാനം, വളരെ മോശമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ 13.8 ശതമാനം എന്നിങ്ങനെയാണ് ഇത്തവണത്തെ മറ്റു കണക്കുകള്‍.