പകയില്ലാതെ കൊന്ന് എതിര്‍പ്പില്ലാതെ കീഴടങ്ങി അമേരിക്കയിലൊരു ഇന്ത്യക്കാരന്‍

കാലിഫോര്‍ണിയ: സമൂഹത്തിന് ഒരു സന്ദേശം നല്‍കണമെന്ന ലക്ഷ്യത്തോടെ ഒരു ബാല ലൈംഗിക പീഡകനെ കൊല്ലണമെന്നു തീരുമാനിക്കുക, ഇരയാകാന്‍ പറ്റിയ ഒരാളെ കണ്ടെത്തുക, ഏറെ ക്ലേശിച്ച് അയാളുടെ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കുക, അതിനു ശേഷം നേര്‍ക്കുനേര്‍ കയറിച്ചെന്ന് അയാളുടെ കഴുത്തു കണ്ടിക്കുക, ഒടുവില്‍ പോലീസിനു പിടികൊടുക്കുക. ഇതു സിനിമക്കഥയല്ല, സിനിമയെ വെല്ലുന്ന ഈ കഥയിലെ നെഗറ്റിവ് നായകന്‍ ഒരു ഇന്ത്യന്‍ യുവാവ്-പേര് വരുണ്‍ സുരേഷ്. വയസ് 29. ഇരയുടെ പേര് ഡേവിഡ് ബ്രിമ്മര്‍. വയസ് 71. രജിസ്റ്റേഡ് ബാല പീഡകന്‍. കൈയോടെ പോലീസ് പിടികൂടിയ വരുണ്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവം നടക്കുന്നത് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍.
നിയമവകുപ്പുമായി ബന്ധപ്പെട്ടൊരു ഡാറ്റബേസില്‍ നിന്നാണ് ബ്രിമ്മറെ വരുണ്‍ കണ്ടെത്തുന്നതും അയാളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും. ഇത്രയും ഹോം വര്‍ക്ക് കഴിഞ്ഞതോടെ ഒരു കത്തി ഒളിപ്പിച്ച് പബ്ലിക് അക്കൗണ്ടന്റിന്റെ വേഷത്തില്‍ ഇരയുടെ വീട്ടിലെത്തിച്ചേര്‍ന്നു. താന്‍ എത്തിയതു ശരിയായ സ്ഥലത്തു തന്നെയല്ലേ എന്ന് ഇരയോടു തന്നെ വിവരങ്ങള്‍ ചോദിച്ച് ഉറപ്പാക്കി. തേടിയവനെ തന്നെ താന്‍ കണ്ടെത്തിയിരിക്കുന്നു എന്നാക്രോശിച്ചുകൊണ്ട് കത്തിപുറത്തെടുത്തപ്പോള്‍ ആക്രമണം മണത്ത ബ്രിമ്മര്‍ ഇറങ്ങിയോടി അയല്‍വക്കത്തെ വീടിന്റെ ഗാരേജില്‍ കയറി. പിന്നാലെയെത്തിയ വരുണ്‍ അവിടെ വച്ച് ബ്രിമ്മറെ കുത്തിവീഴ്ത്തി. വീണുകിടന്ന അയാളുമേല്‍ കുനിഞ്ഞ് കഴുത്ത് കണ്ടിക്കുകയും ചെയ്തു. ഓടിക്കൂടിയ ജനം പോലീസിനെ വിളിച്ചപ്പോള്‍ ശാന്തനായി പോലീസിന്റെ വരവിനായി കാത്തുനില്‍ക്കുകയും നേരേ കുറ്റം സമ്മതിച്ച് അറസ്റ്റിനു വഴങ്ങുകയും ചെയ്തു. ആകെ കൂടി പോലീസിനോടും പറയാനുണ്ടായിരുന്നത് ഇത്രമാത്രം. ബാല ലൈംഗിക പീഡകനായൊരാളെ കൊല്ലണമെന്നതായിരുന്നേ്രത ആഗ്രഹം. അതിപ്പോള്‍ സാധിച്ചിരിക്കുന്നു.