മനാമ: ബഹ്റനിലെ മനാമയില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. വനിതാ ഫ്രീസ്റ്റൈല്‍ ഗുസ്തി 61 കിലോഗ്രാം വിഭാഗത്തില്‍ യഷിത റാണയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ കസാഖ്സ്താന്റെ സയ്ദാര്‍ മുഖാതിനെയാണ് 5-5 എന്ന സ്കോറിന് യഷിത മലര്‍ത്തിയടിച്ചത്. ഒരേ പോയിന്റ് നില വന്നുവെങ്കിലും വിവിധ ക്രൈറ്റീരിയകളുടെ അടിസ്ഥാനത്തില്‍ യഷിതയുടെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇന്ത്യയുടെ നാലാം സ്വര്‍ണവും ഗുസ്തിയിലെ ആദ്യ സ്വര്‍ണവുമാണ്.
ഹരിയാനയിലെ വിശ്വപ്രസിദ്ധമായ അഖാഡകളില്‍ നിന്ന് ഇടി പഠിച്ചിറങ്ങിയ പതിനേഴുകാരിയാണ് യഷിത റാണ. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഗുസ്തി താരങ്ങളെ സംഭാവന ചെയ്തിരിക്കുന്നത് ഹരിയാനയാണ്. ഇവരുടെയെല്ലാം ജൈത്രയാത്രയ്ക്കു പിന്നില്‍ ഗുസ്തിക്കളരികളായ അഖാഡകളാണുള്ളത്. ഗുസ്തിയെ അത്രമാത്രം നെഞ്ചേറ്റിയിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. മനാമയിലെ ഫൈനലില്‍ തുടക്കത്തില്‍ യഷിത ചെറുതായി പതറിപ്പോയിരുന്നു. ആ അവസരമാണ് സയ്ദാര്‍ മുതലാക്കിയത്. എന്നാല്‍ വീറോടെ തിരികെ കയറിയ യഷിത പിന്നീട് പിന്നിലേക്ക് നോക്കിയതേയില്ല. തകര്‍പ്പന്‍ ഇടിയുടെ പൂരമായിരുന്നു റിംഗില്‍.
ഭാരോദ്വഹനത്തില്‍ പ്രീതി സ്മിത ഭോയി നേടിയ സ്വര്‍ണത്തിനു ശേഷം ഗെയിംസില്‍ ഇന്ത്യ വ്യക്തിഗത ഇനത്തില്‍ നേടുന്ന ആദ്യ സ്വര്‍ണമാണിത്. പുരുഷ-വനിതാ കബഡി ടീമുകളാണ് ഇന്ത്യയ്ക്കായി മറ്റു രണ്ടു സ്വര്‍ണവും നേടിയത്.

