ന്യൂഡല്‍ഹി: ഏകദിന വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ക്ക് വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി 20യിലും പ്രതിഫല തുകയില്‍ എടുത്തു ചാട്ടമാണ് കിട്ടുന്നത്. ഇതുവരെ മൂന്നു സീസണ് പിന്നിട്ട വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ടു തവണയും കിരീടമണിഞ്ഞത് മുംബൈ ഇന്ത്യന്‍സാണ്. ഇവരും ബെഗളൂരുവും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന താരങ്ങളെ മറ്റാരും റാഞ്ചാതിരിക്കാന്‍ കൂടിയ തുക കൊടുത്തു നിലനിര്‍ത്തിയിരിക്കുകയാണ്. ടോപ് റേറ്റഡ് വനിതാ താരങ്ങളുടെ പ്രതിഫലത്തുക അറിയുക.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗര്‍ (മുംബൈ ഇന്ത്യന്‍സ്-2.5 കോടി), വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-3.5 കോടി), റിച്ച ഘോഷ് (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-2.75 കോടി), ജമീമ റോഡ്രിഗ്സ് (ഡല്‍ഹി ക്യാപിറ്റല്‍സ്-2.2 കോടി) എന്നിവരെ ഇപ്പോഴുള്ള ഫ്രഞ്ചൈസികള്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ നിലവില്‍ ഗുജറാത്ത് ജയന്റ്സിനു വേണ്ടി കളിച്ചുകൊണ്ടിരുന്ന ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടിനെ അവര്‍ നിലനിര്‍ത്തിയിട്ടില്ല. ലോകകപ്പിലെ ടോപ് സ്കോററായിരുന്നു ലോറ. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കിരീടം കരസ്ഥമാക്കിയ ദീപ്തി ശര്‍മയെ യുപി വാരിയേഴ്സും നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല.
ഏറ്റവും കൂടിയ പ്രതിഫലമായ മൂന്നര കോടി രൂപ ലഭിച്ചിരിക്കുന്ന മൂന്നു താരങ്ങളുണ്ട്. സ്മൃതി മന്ദാന, നാറ്റ്സിവര്‍ ബ്രെന്റ്, ആഷ്ലി ഗാര്‍ഡിനര്‍ എന്നിവരാണ് റേറ്റില്‍ സൂപ്പറായ താരങ്ങള്‍. ഈ മാസം ഇരുപത്തേഴിനാണ് വനിതാ പ്രീമിയര്‍ താരങ്ങളുടെ ലേലം നടക്കുക. ശേഷിക്കുന്നവരെ എത്ര രൂപ നിരക്കില്‍ ആരൊക്കെയായിരിക്കും ഏറ്റെടുക്കുക എന്ന കാര്യം അപ്പോഴാണ് അറിയാന്‍ സാധിക്കുക.

