സര്‍വരാജ്യ സ്ത്രീകളേ, കൊറിയന്‍ കുഞ്ഞിന്റെ അമ്മയാകൂ, കൈനിറയെ പണം നേടൂ

സിയൂള്‍: ഇക്കണക്കിനു പോയാല്‍ ദക്ഷിണ കൊറിയയിലേക്ക് ഒരു ഭര്‍ത്താവിനെ കിട്ടാനുണ്ടോയെന്നു ചോദിച്ച് ഏതു നാട്ടില്‍ നിന്നും സ്ത്രീകള്‍ കുടിയേറിയേക്കും. അവിടെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയുമൊക്കെ ചെയ്യുന്നത് ലോട്ടറിയടിക്കുന്നതിനു തുല്യമായി കാര്യമാണ്. ഒരിക്കല്‍ ഗര്‍ഭിണിയായി പ്രസവിച്ച് എട്ടു വയസുവരെ കുട്ടിയെ വളര്‍ത്തിയാല്‍ കൈയിലെത്താന്‍ പോകുന്നത് മുപ്പതു ലക്ഷം രൂപയിലധികമാണ്. ഇതിന്റ കണക്കുകള്‍ പറഞ്ഞുകൊണ്ട് കൊറിയക്കാരനെ വിവാഹം കഴിച്ച നേഹ അറോറയെന്ന ഇന്ത്യക്കാരിയുടെ വീഡിയോ പത്തു ദിവസം കൊണ്ട് കണ്ടത് 65 ലക്ഷം ആള്‍ക്കാരാണ്. സെപ്റ്റംബര്‍ ഒന്നിനാണ് നേഹ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്.
അറോറ പറയുന്ന കണക്കുകള്‍ ഇങ്ങനെ. ഗര്‍ഭധാരണം പരിശോധനയിലൂടെ ഉറപ്പാക്കിയപ്പോള്‍ തന്നെ സര്‍ക്കാരില്‍ നിന്നു കിട്ടിയത് 63100 രൂപ. ഗര്‍ഭകാലത്തെ മെഡിക്കല്‍ ചെക്കപ്പുകളും മരുന്നുകളും ഒക്കെയായി വേണ്ടി വരുന്ന ചെലവുകള്‍ നേരിടുന്നതിനായിരുന്നു ഈ തുക. ഇതിനു പുറമെ സമയാസമയങ്ങളിലുള്ള ചെക്കപ്പുകള്‍ക്കും മറ്റും പോകുന്നതിനു വണ്ടിക്കൂലിക്കും വഴിച്ചെലവിനുമായി വേറൊരു 44030 രൂപ കൂടി കിട്ടി. പ്രസവം നടന്നു കഴിഞ്ഞപ്പോഴേ കിട്ടിയത് 1.26 ലക്ഷം രൂപ. ഇതിന് കൊറിയയില്‍ പറയുന്നത് പ്രസവത്തിനുള്ള അഭിനന്ദന ധനം എന്നാണ്. ഇവിടം കൊണ്ടും പണത്തിന്റെ വരവ് കുറയുന്നില്ല, കൂടുന്നതു മാത്രമേയുള്ളൂ. കുഞ്ഞിന് ഒരു വയസാകുന്നതു വരെ എല്ലാ മാസവും കിട്ടിയത് 63100 രൂപ വീതം. രണ്ടാം വര്‍ഷം കിട്ടിയത് എല്ലാ മാസവും 31000 രൂപ വീതം. അതുകഴിഞ്ഞ് കുഞ്ഞിന് എട്ടു വയസാകുന്നതു വരെ കിട്ടാന്‍ പോകുന്നത് എല്ലാ മാസവും 12600 രൂപ വീതം.
എന്താ കഥ അല്ലേ, ആര്‍ക്കെങ്കിലും ഇത്രയും വായിച്ച ശേഷം കൊറിയയില്‍ പോയി അന്നാട്ടുകാരനെ വിവാഹം കഴിക്കാന്‍ തോന്നിയാല്‍ കുറ്റം പറയാന്‍ സാധിക്കില്ലല്ലോ. കൊറിയയില്‍ ജനസംഖ്യ കുത്തനെ താഴേക്കു പോകുന്നതു കൊണ്ടാണ് ഗവണ്‍മെന്റ് ഇത്രയും സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.