വീടു വൃത്തിയാക്കാത്ത ഭര്‍ത്താവിനെ കഴുത്തിനു കുത്തി ഭാര്യ, യുഎസില്‍ ഇന്ത്യന്‍ യുവതി അറസ്റ്റില്‍

വാഷിങ്ടന്‍: വീടു വൃത്തിയാക്കാത്തതിനു ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ ഭാര്യ അമേരിക്കയില്‍ അറസ്റ്റില്‍. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റിലാണ് സംഭവം. എലിമന്ററി സ്‌കൂളില്‍ അധ്യാപന സഹായിയായ ചന്ദ്രപ്രഭ സിംഗാണ് ഭര്‍ത്താവ്് അരവിന്ദ് സിംഗിനെ കുത്തിയത്. ബാലന്റൈന്‍ പ്രദേശത്ത് ഫോക്‌സ്ഹാവന്‍ ഡ്രൈവിലുള്ള ഇവരുടെ വീട്ടില്‍ രാവിലെ ഭാര്യ അടുക്കള ജോലികളിലേക്കു കയറുമ്പോള്‍ ഭര്‍ത്താവിനോടു വീടു വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തയാറാകാതെയിരുന്ന ഭര്‍ത്താവിനെ അടുക്കളയിലെ കത്തി ഉപയോഗിച്ച് ഇവര്‍ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍ മാരകമായി മുറിവേറ്റ അരവിന്ദ് സിംഗിനെ ഷാര്‍ലറ്റിലെ മെക്ലന്‍ബര്‍ഗ് പോലീസ് സ്ഥലത്തെത്തി ആശുപതിയിലാക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അതിക്രമത്തിനുള്ള വകുപ്പിലാണ് ചന്ദ്രപ്രഭയ്‌ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. ജാമ്യം അനുവദിക്കാന്‍ കോടതി വിസമ്മതിച്ചുവെങ്കിലും പിന്നീട് പതിനായിരം ഡോളറിന്റെ ബോണ്ട് കെട്ടിവച്ചാണ് ജാമ്യം സമ്പാദിച്ചത്. കേസ് തീരുന്നതുവരെ അവധിയില്‍ പ്രവേശിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ചന്ദ്രപ്രഭയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അരവിന്ദ് സിംഗ് അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *