ബ്രിസ്ബേന്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അണ്ടര്‍ 19 ഏകദിന സീരീസിലെ രണ്ടാമത്തെ മത്സരവും ജയിച്ച് മൂന്നാമത്തെ കളി കൂടാതെ തന്നെ പരമ്പര സ്വന്തമാക്കി ഇന്ത്യ നില്ക്കുമ്പോള് താരമായി ഉയരുന്നത് ഒരു പതിനാലുകാരന്. അതാണ് യങ് സൂപ്പര്‍ സ്റ്റാര്‍ ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ്-വൈഭവ് സൂര്യവംശി. പ്രായം വെറും പതിനാലു വയസ്. പത്തൊമ്പതു വയസുവരെയുള്ളവര്‍ കളിക്കുന്ന മത്സരത്തില്‍ ചവറു പോലെ സിക്സും ഫോറുമടിച്ച് കളിയിലെ വൈഭവവും കൈക്കരുത്തും തെളിയിച്ച ഇന്ത്യന്‍ പയ്യന്‍സ്. ബുധനാഴ്ച നടന്ന രണ്ടാം ഏകദിനത്തില്‍ 68 പന്തില്‍ ആറു സിക്സും അഞ്ചു ഫോറും സഹിതം എഴുപതു റണ്‍സാണ് സൂര്യവംശി സ്കോര്‍ ചെയ്തത്. മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം 51 റണ്‍സിനു വിജയം സ്വന്തമാക്കി. ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ വിജയത്തിന്റെ ശില്പിയും ഹാഫ് സെഞ്ചുറി നേടിയ വൈഭവ് തന്നെയായിരുന്നു. ഇന്നാണ് ബ്രിസ്ബേനില്‍ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം. ഇനി രണ്ടു ടെസ്റ്റ്മാച്ചുകള് കൂടി കളിച്ച ശേഷമായിരിക്കും ഇന്ത്യന്‍ ടീം ഓസ്ട്രേലിയ വിടുക.
ബ്രിസ്ബേനില്‍ താരോദയം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ യങ് സൂപ്പര്‍ സ്റ്റാര്‍, സൂര്യതേജസില്‍ സൂര്യവംശി

