സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ യൂത്ത് ടെസ്റ്റ് ഇന്ത്യന്‍ യുവനിരയുടെ സമ്പൂര്‍ണ ആധിപത്യം. കളിച്ച കളികളിലെല്ലാം ആതിഥേയരെ തോല്‍പിച്ചാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ മുന്നേറ്റം. മൂന്ന് ഏകദിനങ്ങളിലെയും വിജയം രണ്ട് ടെസ്റ്റ് മാച്ചുകളിലും ഇന്ത്യ ആവര്‍ത്തിച്ചു. രണ്ടാമത്തെ ടെസ്റ്റ് മാച്ച് ഇന്നലെ ജയിച്ചത് സമാനതകളില്ലാത്ത നിലയിലാണ്. രണ്ടാമത്തെ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ വെറും 81 റണ്‍സിന്റെ വിജയലക്ഷ്യം മാത്രം കുറിച്ചു നല്‍കാനാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയ്ക്കായത്. ഇന്ത്യ അനായാസം 12.2 ഓവറില്‍ കളി ജയിക്കുകയും ചെയ്തു. ഇതുവരെയുള്ള മാച്ചുകളില്‍ ഇന്ത്യയുടെ വിജയ ശില്‍പിയെന്നു പേരു കേട്ട വൈഭവ് സൂര്യവംശി ഡക്കില്‍ പുറത്തായെങ്കിലും പിന്നീട് ബാറ്റിങ്ങിനിറങ്ങിയവര്‍ ആ കേടു കൂടി പരിഹരിച്ചു. 35 പന്തില്‍ 33 റണ്‍സ് നേടിയ വേദാന്ത് ത്രിവേദിയും പതിനാലു പന്തില്‍ 13 റണ്‍സ് നേടിയ രാഹുല്‍ കുമാറുമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിസ്ഥാനം ഉറപ്പിച്ചത്. ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. ആദ്യ പന്തില്‍ തന്നെ വൈഭവ് സൂര്യവംശി പുറത്താകുകയായിരുന്നു. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (ആറു പന്തില്‍ പതിമൂന്നു റണ്‍സ്), വിഹാന്‍ മല്‍ഹോത്ര (21 പന്തില്‍ 21 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടപ്പെട്ടു. ആദ്യ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സിനും 58 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.
വണ്‍ഡേയിലും ടെസ്റ്റിലും ഓസ്‌ട്രേലിയന്‍ പര്യടനം കയ്യടക്കി ഇന്ത്യന്‍ അണ്ടര്‍ 19 ടീം

