വാഷിങ്ടന്‍: തെലങ്കാന സ്വദേശിയായ ഇന്ത്യന്‍ ടെക്കി അമേരിക്കന്‍ നഗരമായ സാന്താക്ലാരയില് യുഎസ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒപ്പം താമസിച്ചിരുന്നയാളെ കുത്തി പരിക്കേല്പിച്ചു എന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസാണ് മുഹമ്മദ് നിസാമുദീന്‍ എന്ന യുവ ടെക്കിയെ നാലു തവണ നിറയൊഴിച്ച് കൊലപ്പെടുത്തിയത്. കുത്തേറ്റയാളും വിശദാംശങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ഇയാളുടെ അവസ്ഥ മാരകമാണെന്നും ആശുപത്രിയിലാണെന്നും മാത്രമാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ വംശീയ വിവേചനമാണ് യുവാവിന്റെ കൊലയിലേക്ക് നയിച്ചതെന്ന ആരോപണവുമായി നിസാമുദീന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പമുണ്ടായിരുന്നയാളെ കുത്തി എന്ന വിവരം അറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തുന്നത്. സ്ഥലത്തെത്തി സംഭവം സത്യമാണെന്നു തിരിച്ചറിഞ്ഞതോടെ വെടിവയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വെടിവയ്പില്‍ പരിക്കേറ്റ നിസാമുദീനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.
കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് മരിച്ച നിസാമുദീന്‍. സാന്താക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നിരന്തരമായി വംശീയ അധിക്ഷേപം സഹിക്കേണ്ടി വന്നിരുന്നുവെന്നാണ് ഇയാളുടെ കുടുംബത്തിന്റെ ആരോപണം. ഇതിനൊപ്പം ജോലിയില്‍ നിന്നു പിരിച്ചുവിടുമെന്ന ഭീഷണിയും നിലനിന്നിരുന്നു. മരണത്തെയും വെടിവയ്പിനെയും കുറിച്ച് അന്വേഷണം വേണമെന്ന് ഇയാളുടെ കുടുംബം ആവശ്യപ്പെടുന്നു. സാന്താക്ലാരയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായവും നിസാമുദീന്റെ കുടുംബം തേടിയിട്ടുണ്ട്.
ഒപ്പം താമസിക്കുന്നയാളെ കുത്തിയതിന് ഇന്ത്യന്‍ ടെക്കി യുവാവിനെ അമേരിക്കന്‍ പോലീസ് വെടിവച്ചു കൊന്നു

