അബുദാബി: ഒരു ബിരുദ വിദ്യാര്‍ഥിയുടെ കണ്ടെത്തേലുകള്‍ വൈദ്യശാസ്ത്ര ഗവേഷണത്തില്‍ സഹായകരമായി മാറുക. അവ സംബന്ധിച്ച ലേഖനം അമേരിക്കയിലെ പേരെടുത്ത ഗവേഷണ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു വരുക. ഈ നേട്ടത്തിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ബിരുദ വിദ്യാര്‍ഥി അര്‍ഹനായിരിക്കുന്നത്. അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ഇര്‍ഫാന്‍ കറുകപ്പാടത്താണ് തന്റെ കണ്ടെത്തലിന്റെ പേരില്‍ നാടിന് അഭിമാനമായി മാറിയിരിക്കുന്നത്.
പഠന പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ഓരോ പ്രോജക്ടുകള്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി സീനിയറായൊരു പങ്കാളിയെക്കൂടി ലഭിക്കും. ഇങ്ങനെ പങ്കാളിയായി ലഭിച്ച സുഡാനി വിദ്യാര്‍ഥി സോഹ യൂസഫുമൊന്നിച്ച് ഇര്‍ഫാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് പ്രോജക്ട് ചെയ്തത്. അതിലെ കണ്ടെത്തലാണിപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.
അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ലേസര്‍ മെഡിസിന്‍ ആന്‍ഡ് സര്‍ജറിയുടെ ഔദ്യോഗിക ജേര്‍ണലായ ലേസേഴ്‌സ് ഇന്‍ സര്‍ജറി ആന്ഡ് മെഡിസിന്റെ ഓഗസ്റ്റ് ലക്കത്തിലാണ് ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. അമേരിക്കയിലെ അതിപ്രശസ്തമായ ഗവേഷണ ജേര്‍ണലുകളിലൊന്നാണിത്. ഇതിലെ എഡിറ്റേഴ്‌സ് ചോയ്‌സ് എന്ന വിഭാഗത്തിലാണ് പഠനം പ്രത്യക്ഷപ്പെട്ടത്. മെഷീന്‍ ലേണിങ്ങിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി രാമന്‍ സ്‌പെക്ട്രോസ്‌കോപ്പിയുടെ സഹായത്തോടെആരോഗ്യമുള്ള ശരീര കോശങ്ങളെ രോഗാവസ്ഥയിലുള്ളതില്‍ നിന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന മാതൃകാ പ്രോജക്ടായിരുന്നു ഇവരുടേത്. പലതരം ചികിത്സകളില്‍ ഉപയോഗമുള്ളതാണ് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുള്ള ഈ ഗവേഷണം.
കൊടുങ്ങല്ലൂര്‍ എറിയാട് കറുകപ്പാടത്ത് സഫറുള്ളയുടെയും ജുമൈലയുടെയും മകനാണ് ഇര്‍ഫാന്‍. ഒന്നര കോടി രൂപയുടെ നോണ്‍ എമിറേറ്റ്‌സ് സ്‌കോളര്‍ഷിപ്പോടെയാണ് ബിരുദപഠനത്തിനു ചേര്‍ന്നത്.
അമേരിക്കന്‍ വൈദ്യശാസ്ത്ര ജേര്‍ണലിന്റെ ആദരം നേടി മലയാളി ബിരുദ വിദ്യാര്‍ഥി
