പാളങ്ങള്‍ വെറുതെയങ്ങു കിടന്നാല്‍ മതിയോ. ഇടയ്‌ക്കൊരു പണിയുമായി റെയില്‍വേ

വാരാണസി: വെയില്‍ വീഴുന്നതെവിടെയായാലും അവിടെയെന്തുകൊണ്ട് സോളാര്‍ പാനലുകള്‍ വച്ചുകൂടാ എന്ന അന്വേഷണമാണ് റെയില്‍വേയില്‍ പുതിയൊരു മാതൃക വികസിപ്പിക്കുന്നതിലെത്തിയത്. രണ്ടു പാളങ്ങള്‍ക്കിടയിലുള്ള സ്ഥലത്താണ് പാനലുകള്‍ നിരത്തിയിരിക്കുന്നത്. ഇതിന രണ്ടുവശത്തുമുള്ള പാളങ്ങളില്‍ ചക്രമൂന്നി ട്രെയന്‍ കടന്നു പൊയ്‌ക്കൊള്ളും. വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ്‌സ് തങ്ങളുടെ വര്‍ക്ക് ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചിരിക്കുന്നത്.
എഴുപതു മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി 15 കിലോവാട്ട് വൈദ്യുതിയാണിപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളിലായി ഇപ്പോള്‍ സോളാര്‍ പ്ലാന്റുകള്‍ വളി 309 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. മരുഭൂമിയുടെ നാടായ രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ പ്ലാന്റുകള്‍, 275 എണ്ണം. കേരളത്തിലുമുണ്ട് 13 സോളാര്‍ പ്ലാന്റുകള്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും കൂടുതല്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. ഓരോ ദിവസം 450 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നത് സ്‌റ്റേഷന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന പാനലുകളില്‍ നിന്നാണ്.